കേരള ചിക്കൻ കോഴിത്തീറ്റയും മരുന്നും ലഭിക്കാതെ കർഷകർ വലയുന്നു
text_fieldsപൂക്കോട്ടുംപാടം: വ്യാവസായികമായി കോഴി ഫാം നടത്തുന്ന കർഷകർ കോഴിത്തീറ്റയും മരുന്നുകളും ലഭിക്കാതെ ദുരിതത്തിൽ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കർഷകരാണ് ദുരിതത്തിലായത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സംഘം മരുന്നുകളും തീറ്റയും എത്തിക്കാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയത്.
സംസ്ഥാന സർക്കാറിന്റെ കേരള ചിക്കൻ പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് ആസ്ഥാനമായ സഹകരണ സംഘമാണ് ജില്ലയിലെ 30ഓളം കോഴി കർഷകരുമായി കരാറിൽ ഏർപ്പെട്ട് കോഴി വളർത്തുന്നത്. കോഴികളെ വളർത്താനാവശ്യമായ കൂടും അനുബന്ധ ഉപകരണങ്ങളും കർഷകൻ ലഭ്യമാക്കുകയും കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നും സംഘം നൽകുന്നതുമാണ് പദ്ധതി. കോഴി വളർത്തി ഇറച്ചി പരുവമാകുന്നതോടെ തിരികെ എടുത്ത് കൂലിയിനത്തിൽ എട്ട് മുതൽ 11 രൂപ വരെ കർഷകർക്ക് നൽകുമെന്ന് പറഞ്ഞ് വ്യവസ്ഥ ഉണ്ടാക്കിയാണ് കർഷകർ കോഴി വളർത്തലിലേക്ക് ഇറങ്ങിയത്.
കൂടാതെ കോഴി ഒന്നിന് 130 രൂപ കരുതൽ ധനവും കർഷകരിൽനിന്ന് സംഘം ഈടാക്കി. എന്നാൽ, ആദ്യ ഘട്ടത്തിൽ മികച്ച രീതിയിൽ നടത്തിയ പദ്ധതി ഇപ്പോൾ താളംതെറ്റി. കോഴികളെ തിരികെയെടുക്കുമ്പോൾ കർഷകന് കൂലി ഇനത്തിൽ നൽകേണ്ട തുക പൂർണമായി നൽകാതെയും കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയ ശേഷം ആവശ്യമായ തീറ്റ നൽകാതെയും സംഘം കർഷകരെ ദുരിതത്തിലാക്കുകയാണന്ന് അമരമ്പലം പഞ്ചായത്തിലെ വട്ടപറമ്പിൽ ഉണ്ണി മൊയ്തീൻ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഇറക്കി 31 ദിവസം കഴിഞ്ഞിട്ടും ആവശ്യമായ തീറ്റ ഇറക്കി നൽകാത്തതിനാൽ കോഴികൾ പരസ്പരം കൊത്തി ചാവുന്ന സ്ഥിതിയാണ്.
ദിനേന 50 മുതൽ 100 വരെ കുഞ്ഞുങ്ങൾ ഇത്തരത്തിൽ ചാവുന്നുണ്ട്. തീറ്റ ലഭിക്കാത്തതിനാൽ 31 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് 800 ഗ്രാമിൽ താഴെ മാത്രമേ തൂക്കമായിട്ടുള്ളൂ എന്നും കർഷകൻ പറയുന്നു. സംഘവുമായി ബന്ധപ്പെട്ടപ്പോൾ കർഷകരോട് തീറ്റ വാങ്ങി നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, തീറ്റ ഇനത്തിൽ ഭീമമായ തുക താങ്ങാനുള്ള സാഹചര്യം തങ്ങൾക്കില്ലെന്ന് ഉണ്ണി മൊയ്തീൻ പറഞ്ഞു. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി സമര പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് മലപ്പുറത്തെ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.