കേരളത്തിന്റെ നെല്ലച്ഛന് പത്മശ്രീ തിളക്കം
text_fieldsകൽപറ്റ: മാനന്തവാടി കമ്മനയിലെ പുല്ലുമേഞ്ഞ ചെറുവയൽ തറവാടിന് ഇനി പത്മശ്രീ തിളക്കം. കേരളത്തിന്റെ നെല്ലച്ഛനായ ചെറുവയൽ രാമന് 71ാം വയസ്സിൽ പത്മശ്രീ ലഭിക്കുമ്പോൾ അത് പതിറ്റാണ്ടുകളായി പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനുള്ള അർഹിച്ച അംഗീകാരമായി. കമ്മനയിലെ ആദിവാസി കർഷകനാണ് കുറിച്യ സമുദായത്തിൽപെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ.
പാരമ്പര്യ നെല്ലിനങ്ങളുടെ ജീൻബാങ്കറായി അറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 51 ഇനങ്ങളിൽപെട്ട പൈതൃക നെൽവിത്തുകൾ സംരക്ഷിക്കുന്നുണ്ട്. വെളിയൻ, ചേറ്റുവെളിയൻ, മുണ്ടകൻ, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുമ്പാല, പാൽവെളിയൻ, കൊടുവെളിയൻ.
ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുമ്പാളി, വെള്ളിമുത്ത്, പുന്നാരൻതൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, നവര, കുങ്കുമശാലി എന്നീ വിത്തുകളുടെ സംരക്ഷകനായ ഈ ആദിവാസി കർഷകൻ നെൽകൃഷിയുടെ എൻസൈക്ലോപീഡിയയാണ്.
പൂർണമായും ജൈവകൃഷിയാണ് രാമൻ പിന്തുടരുന്നത്. 1952 ജൂൺ ആറിനാണ് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊപ്പമാണ് വളർന്നത്. കമ്മന നവോദയ എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസുവരെ മാത്രം പഠനം.
പത്താം വയസ്സുമുതൽ കാർഷികജീവിതം ആരംഭിച്ചു. 1969ൽ കണ്ണൂർ ഡി.എം.ഒ ഓഫിസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമല്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവെച്ചു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും നിയോഗമായി ഏറ്റെടുത്ത ചെറുവയൽ രാമൻ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.
പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. 2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനം ചെയ്തത് ഇദ്ദേഹമാണ്.
സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016ലെ ജനിതക സംരക്ഷണ പുരസ്കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബ്ൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം, 2022ൽ പി.കെ. കാളൻ സ്മാരക പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
പത്മശ്രീ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിനുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നും ചെറുവയൽ രാമൻ പറഞ്ഞു. ഗീതയാണ് ഭാര്യ. രമണി, രമേശൻ, രാജേഷ്, രജിത എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.