കൃഷിക്കൊരുങ്ങി കൊരട്ടിച്ചാൽ പാടശേഖരം
text_fieldsകൊരട്ടി: മഴ പെയ്ത് വയലുകളിൽ ആവശ്യമായ വെള്ളമെത്തിയതോടെ കൊരട്ടിച്ചാൽ പാടശേഖരത്തിൽ കർഷകർ നെൽകൃഷിക്കുള്ള ഒരുക്കം ഉത്സാഹത്തോടെ ആരംഭിച്ചു. ഞാറ് വിതയ്ക്കാൻ തെരഞ്ഞെടുത്ത വയലുകൾ ട്രാക്ടർ വച്ച് ഉഴുതുമറിച്ച് വിത്ത് വിതയ്ക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. ഒക്ടോബർ 24 ഓടെ ഞാറ് നടാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വരും ദിവസങ്ങളിൽ ഇത്തവണ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കർഷകർ.
അതേ സമയം കൊരട്ടിച്ചാൽ പദ്ധതിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ആവശ്യമായ ജലം സംരക്ഷിക്കപ്പെടുമോയെന്ന ആശങ്കയും കർഷകർക്ക് ഉണ്ട്.തോടിന്റെ തിട്ടകൾ പലയിടത്തും തകർന്നു കിടക്കുന്നതിനാൽ ശക്തമായ മഴ പെയ്താൽ കൊരട്ടിച്ചാലിൽനിന്ന് വയലുകളിലേക്ക് വെള്ളം കയറുമോയെന്നതാണ് ഭീതി. കൊരട്ടിച്ചാലിലെ പ്രധാന ജലസംഭരണിയുടെ നിർമാണം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.
ഈ ഭാഗത്തെ ഭൂമി കൈയേറ്റവും തർക്കവുമാണ് പ്രശ്നങ്ങൾക്ക് കാരണം. ഭൂമി ഉടൻ അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശമുണ്ടെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം ഒന്നും നടന്നില്ല. 600 ഏക്കർ പാടശേഖരമടക്കം കൊരട്ടി, കാടുകുറ്റി, അന്നമനട എന്നീ മൂന്ന് പഞ്ചായത്തുകളിലെ ആകെ 1000ത്തോളം ഏക്കർ ഭൂമിയിൽ കൃഷിക്ക് വെള്ളമെത്തിക്കാൻ കൊരട്ടിച്ചാൽ പദ്ധതി വഴി സാധിക്കും.
പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഓണക്കാലത്ത് ഉറവ് പ്രവർത്തകരുടെ നേതൃത്വത്തിൽ കർഷകർ കൊരട്ടിച്ചാലിലേക്ക് ഉത്രാടപാച്ചിൽ നടത്തിയിരുന്നു. അഞ്ച് കോടി രൂപയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ് കൈയേറ്റക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി അധികാരികൾ ഉപേക്ഷിച്ചിരിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
അന്നമനട, കാടുകുറ്റി പഞ്ചായത്തുകളിലായി 18 ഏക്കർ പുറമ്പോക്കിലെ ജല സംഭരണ പദ്ധതിയാണ് ബലിയാടായത്. ഈ പ്രദേശത്തെ കർഷകരുടെ നീണ്ട കാലത്തെ ആവശ്യമാണ് തകർത്തെറിഞ്ഞതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.