കുട്ടികളേ, നമുക്കൽപം കൃഷി പഠിച്ചാലോ?
text_fieldsകോഴിക്കോട്: കാര്‍ഷിക അറിവുകള്‍ പുതുതലമുറക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയും മണ്ണിനെയും പ്രകൃതിയെയുംകുറിച്ച് വിദ്യാർഥികള്‍ക്ക് അറിവ് നല്കുന്ന 'കൃഷിപാഠം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്കാണ് പദ്ധതി. വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക, വിദ്യാർഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി. കൃഷി അന്തസ്സുള്ള തൊഴിലും സംസ്കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗം കുട്ടികളില്‍ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ താൽപര്യമുണ്ടാക്കുക, കാര്‍ഷിക ഉൽപാദനരംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാര്‍ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകള്‍ പകര്‍ന്നുനല്‍കുക, കാര്‍ഷിക മേഖല ജീവിതോപാധിയാക്കുന്നതിനും മേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോടിണങ്ങിയ ജീവിതവീക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷിയില്‍ താൽപര്യമുള്ള 50 കുട്ടികളുടെ കൃഷിക്കൂട്ടം രൂപവത്കരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ 10 മുതല്‍ 20 ശതമാനം വരെ കുട്ടികള്‍ അംഗങ്ങളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍, അധ്യാപകര്‍, പ്രദേശത്തെ മികച്ച കര്‍ഷകര്‍, കൃഷി ഓഫിസര്‍മാര്‍, ശാസ്ത്ര അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപവത്കരിക്കും. വിദ്യാർഥികളുടെ ദൈനംദിന കാര്‍ഷിക പ്രവൃത്തികള്‍ ഇതുവഴി പങ്കുവെക്കാം. കാര്‍ഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ചോദിക്കാം. കൃഷി ഓഫിസര്‍മാര്‍, കര്‍ഷകര്‍, അധ്യാപകര്‍ എന്നിവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും.
പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് ബി.ആര്.സി തലങ്ങളില്‍ ഏകദിന പരിശീലനം നല്‍കും. വിദ്യാർഥികള്‍ക്ക് കാര്‍ഷിക ശിൽപശാല സംഘടിപ്പിക്കും. വിദ്യാലയത്തില്‍ നഴ്സറികള്‍ സ്ഥാപിക്കുക, വിദ്യാർഥികള്‍ക്ക് നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും.
പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ പദ്ധതിയില്‍ അംഗമാവുന്ന ജില്ലയിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും വീടുകളില്‍ പരിശീലനം നല്‍കും. വിത്തുകള്‍, തൈകള്‍ മുതലായവ നടുന്നതും പരിപാലനം ചെയ്യുന്നതും രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. ലഭിക്കുന്ന ഉൽപന്നങ്ങള് വിദ്യാലയ അടുക്കളയിലേക്ക് വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ലഭിക്കുന്ന വരുമാനം കൃഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യും. പദ്ധതിയില്‍ അംഗമാവുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും കൃഷിത്തോട്ടങ്ങള്‍ ഒരുക്കണം. പച്ചക്കറിത്തോട്ടത്തിലെ ഉൽപന്നങ്ങള് സ്കൂള്‍ അടുക്കളയിലും പുറത്തും വില്‍ക്കാം.
നല്ല വിദ്യാലയ പച്ചക്കറിത്തോട്ടവും വിദ്യാർഥികളില്‍ നിന്ന് നല്ല കര്‍ഷകരെയും തിരഞ്ഞെടുക്കും. ബി.ആര്.സി തലത്തിലും ജില്ലതലത്തിലും വിജയികളെ കണ്ടെത്തി ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും. മികച്ച അധ്യാപക കര്‍ഷകരെ തിരഞ്ഞെടുക്കും. കൃഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്ന മാഗസിന് തയാറാക്കുകയും വിദ്യാർഥികളുടെയും വിദ്യാലയങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുകയും ചെയ്യും. അധ്യാപകര്‍ക്ക് ആധുനിക മാര്‍ഗങ്ങളെ സംബന്ധിച്ച് നിരന്തര ബോധവത്കരണവും, വിദ്യാർഥികള്‍ക്ക് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശിൽപശാലകളും സംഘടിപ്പിക്കും.
പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം -മന്ത്രി പി. പ്രസാദ്
കോഴിക്കോട്: കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. പുതുതലമുറക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'കൃഷിപാഠം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മണ്ണിനെയും കാര്‍ഷിക മേഖലയെയുംകുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍തന്നെ അറിവു നേടാന്‍ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തുന്നത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പുതിയ കൃഷി ആശയങ്ങളും ചിന്തകളും വളര്‍ത്താന്‍ ഇത് സാധിക്കും. കൃഷിയെന്നത് ജീവനമാർഗമാണ്. അതില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിപാഠം പദ്ധതിക്കാവുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും പരിശീലനക്ലാസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
പി.ടി.എ. റഹീം എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ജില്ല പഞ്ചായത്ത് മെംബര്‍മാരായ സുരേഷ് കൂടത്താംകണ്ടി, പി. ഗവാസ്, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് എ.പി. സെയ്താലി, ഒളവണ്ണ പഞ്ചായത്ത് മെംബര്‍മാരായ പി. രാധാകൃഷ്ണന്, എം. ഉഷാദേവി, ജില്ല പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി.എ. രമ, സ്കൂള്‍ പ്രധാനാധ്യാപിക വി. ഗീത, പ്രിന്‍സിപ്പൽ പി.പി. ജീജ, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് മെംബര്‍ രാജീവ് പെരുമണ്‍പുറ സ്വാഗതവും കോഓഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.