കൃഷിപാഠം വിജയിച്ച് കൃഷ്ണകുമാരി
text_fieldsചെട്ടികുളങ്ങര: ജീവിതമോഹങ്ങളെ മണ്ണിൽ പൊന്നുവിളയിച്ച് ശോഭനമാക്കുകയാണ് ഓണാട്ടുകരക്കാരിയായ ഈ വീട്ടമ്മ. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കൊരു മാതൃകയാണ് മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് പുതുക്കാട്ട് ശ്രീലക്ഷ്മിയിൽ എസ്. കൃഷ്ണകുമാരി (66). കർഷകരായ മാതാപിതാക്കളുടെ പിന്മുറക്കാരിയായി ചെറുപ്പത്തിൽതന്നെ മണ്ണിനെയും കൃഷിയെയും സ്നേഹിച്ചുതുടങ്ങിയ കൃഷ്ണകുമാരി വിവാഹശേഷവും അത് തുടർന്നു.
മൂന്നരപ്പതിറ്റാണ്ടു മുമ്പ്, ഭർത്താവ് നാരായണൻ നായർ ജോലിതേടി വിദേശത്തേക്കുപോകാനുള്ള തുക കണ്ടെത്താൻ വസ്തുവും സ്വർണവും വിറ്റു. ഏറെ പ്രതീക്ഷയോടെ വിദേശത്തേക്ക് പറന്നെങ്കിലും വിസ തട്ടിപ്പിനിരയായി. അവിടെ പിന്നീട് ലഭ്യമായ ചെറിയ ജോലിയിൽനിന്നുള്ള വരുമാനം നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആവശ്യങ്ങൾക്കു തികയാതെ വന്നതോടെ ചെറുപ്പത്തിൽ പഠിച്ച കൃഷിപാഠങ്ങളുമായി കൃഷ്ണകുമാരി മണ്ണിൽ ഇറങ്ങുകയായിരുന്നു. മണ്ണ് കനിഞ്ഞതോടെ നഷ്ടമായതെല്ലാം കൃഷിയിലൂടെ തിരികെപ്പിടിച്ചു. സ്വന്തമായുള്ള ഒന്നര ഏക്കറിലും അയൽവാസിയായ ടി.ടി. വേണുകുമാറിന്റെ ഒന്നര ഏക്കർ ഭൂമിയിലും ഇപ്പോൾ കൃഷിചെയ്യുന്നു.
പുലർച്ച നാലിനുണർന്ന് വീട്ടുജോലി പൂർത്തിയാക്കിയശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങും. പശു, കോഴി, മത്സ്യം ഒപ്പം മറ്റ് കൃഷികളുടെ പരിപാലനത്തിനുമായി മണിക്കൂറുകൾ നീക്കിവെക്കും. വേപ്പ്, കറ്റാർവാഴ, കൃഷ്ണതുളസി, കച്ചോലം, കരുനെച്ചി, എരിക്ക്, വാതക്കൊല്ലി, ബ്രഹ്മി, പനിക്കൂർക്ക, നീലയമരി, കടങ്ങൽ, അയ്യംപന, ഇരുവേലി, കരിങ്കുറഞ്ഞി, കർപ്പൂര തുളസി, ചങ്ങലംപരണ്ട, ആറിനം കാന്താരി, മൂന്നിനം പാവൽ, കുറ്റിപ്പയർ, വീതം നീളൻ പയർ, വഴുതനം, അഞ്ച് വ്യത്യസ്ത ഇനത്തിൽപെട്ട വാഴ, രണ്ടിനം ചോളം, പടവലം, പഞ്ഞിപ്പുല്ല്, നിലക്കടല, ഉഴുന്ന്, വിവിധയിനം ചീരകൾ, നിത്യവഴുതനം തുടങ്ങി വ്യത്യസ്ത ഇനത്തിൽപെട്ട കൃഷിയാണ് ചെയ്യുന്നത്. ഗ്രോ ബാഗിൽ മരച്ചീനി കൃഷിയുമുണ്ട്.
വെച്ചൂർ പശു, കാസർകോട് കുള്ളൻ തുടങ്ങിയ നാടൻപശുക്കൾ, ബി.വി-380 ഇനത്തിൽ പെട്ട 100 കോഴികൾ, രണ്ട് കുളത്തിലും പടുത കുളത്തിലുമായി മത്സ്യകൃഷിയും. ആവശ്യമുള്ളവർ വീട്ടിലെത്തി സാധനങ്ങൾ വാങ്ങിപ്പോകുന്നു. മുൻകൂറായി ബുക്കുചെയ്ത് വിഷംകലരാത്ത സാധനങ്ങൾ വാങ്ങുന്നവരും ഉണ്ട്. നാടൻ വിത്തിനങ്ങളും തൈകളും ഉൽപാദിപ്പിച്ച് വിപണനവും നടത്തുന്നു.
വർഷം മുഴുവൻ വീട്ടിലെ എല്ലാ ആവശ്യത്തിനും വിൽപനക്കുമുള്ള പച്ചക്കറികൾ ലഭിക്കും. ജൈവരീതിയിൽ കൃഷിചെയ്യുന്ന മഞ്ഞൾ ഗുണമേന്മ നഷ്ടപ്പെടാതെ പൊടിയാക്കി വിൽക്കുന്നുണ്ട്. 50 സെന്റ് വിരിപ്പ് നിലത്ത് എള്ള് കൃഷിയും നടത്തുന്നു. എള്ള് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്തും നല്ല വരുമാനം നേടുന്നു. കൃഷിക്ക് ആവശ്യമായ വളം മുഴുവൻ വീട്ടിൽതന്നെ നിർമിച്ചാണ് ഉപയോഗിക്കുന്നത്. വളം നിർമിക്കാൻ അസംസ്കൃത വസ്തുക്കൾ ഒഴികെ മറ്റൊന്നും പുറത്തുനിന്ന് വാങ്ങാറുമില്ല. വിദേശത്തേക്ക് കൊണ്ടുപോകാൻ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നവരുണ്ടെന്നും കൃഷ്ണകുമാരി പറയുന്നു.
എള്ളുകൃഷി ചെയ്യുന്ന എന്ന കീർത്തി സ്വന്തമാക്കിയ കൃഷ്ണകുമാരിയെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. കൃഷിയിട പാഠശാല, ഫാം സ്കൂൾ എന്നിവയുമായി വീട്ടുവളപ്പ് എപ്പോഴും സജീവമാണ്.വിദേശത്തുനിന്ന് വർഷങ്ങൾക്കുമുമ്പ് മടങ്ങിയെത്തിയ ഭർത്താവ് നാരായണൻ നായരും ഒപ്പമുണ്ട്. മക്കളായ കൃഷ്ണകുമാർ, ശ്രീകുമാർ, ശ്രീലക്ഷ്മി, മരുമക്കളായ ശ്രീദേവി, മഞ്ജു, ജയകുമാർ എന്നിവരുമുണ്ട് സഹായത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.