പുഞ്ചകൃഷിക്ക് അപ്പർ കുട്ടനാട് ഒരുങ്ങുന്നു
text_fieldsഹരിപ്പാട്: അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ പുഞ്ചകൃഷിക്ക് ഒരുങ്ങിത്തുടങ്ങി. നിലമൊരുക്കൽ അധികപാടശേഖരങ്ങളിലും പുരോഗമിക്കുകയാണ്. നേരത്തേ പണി ആരംഭിച്ച പാടശേഖരങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിത്തിറക്കും.
വീയപുരം മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരം, കട്ടക്കുഴി തേവേരി, മങ്കോട്ട, പ്രയാറ്റേരി മണിയങ്കേരി തുടങ്ങിയ പാടങ്ങളെല്ലാം തന്നെ പുഞ്ചകൃഷിക്ക് ഒരുങ്ങി. എടത്വാ വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വ്യാപ്തിയുള്ള മുണ്ടുതോട് -പോളത്തുരുത്ത് പാടശേഖരം പുഞ്ചകൃഷിയിറക്കിന് സജ്ജമായി. ഒരുക്കം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ കൃഷി സീസണിൽ പാടശേഖരത്തിൽ വൻ തോതിലാണ് വരിനെല്ല് ദുരിതം തീർത്തത്. ഇതുകൂടാതെ കള ശല്യവും അനുഭവിക്കേണ്ടി വന്നു. പ്രശ്നം ഇക്കുറി ആവർത്തിക്കാതിരിക്കാൻ പമ്പിങ് നടത്തി വെള്ളം പൂർണമായും വറ്റിച്ചു.
ഇനി പാടശേഖരം ഉണക്കി കളകളും വരിയും കിളിർപ്പിച്ചതിനുശേഷം വെള്ളം കയറ്റി 10 ദിവസത്തോളം പാടത്ത് സൂക്ഷിച്ച് കിളിർത്തവ നശിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മുന്നൊരുക്കം പൂർത്തീകരിച്ച കർഷകർ വിതയിറക്കിനുമുമ്പ് പാടത്ത് ലവണാംശത്തെ പ്രതിരോധിക്കുന്നതിനുള്ള നീറ്റുകക്കയോ, ഡോളോ മൈറ്റോ കണ്ടെത്തുന്നതിനും വിത്ത് സംഭരിക്കുന്നതിനുമുള്ള ശ്രമത്തിലാണിപ്പോൾ. കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കിൽ 25ന് ആരംഭിച്ച് നവംബർ ഒന്നിന് വിതയിറക്ക് പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി സൈമൺ എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.