നെൽകൃഷിക്ക് ഭീഷണിയായി ചിത്രകീടം കുട്ടനാട് പുഞ്ചകൃഷി ആശങ്കയിൽ
text_fieldsകുട്ടനാട്: നെല്‍കൃഷിയില്‍ ചിത്രകീടത്തിെൻറ (ലീഫ് മൈനര്‍) ആക്രമണം കണ്ടെത്തിയതോടെ കുട്ടനാട് കർഷകർ ആശങ്കയിൽ. രാജപുരം കായലിലെ ചില ഭാഗങ്ങളിലാണ് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കീടബാധ ശ്രദ്ധയില്‍പെട്ടത്. 2014 പുഞ്ചകൃഷിക്കാണ് നെല്ലിലെ ചിത്രകീടത്തെ ആദ്യമായി കുട്ടനാട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് കീടബാധയുണ്ടായ പാടശേഖരങ്ങളുടെ മാപ്പിങ് നടത്തിയിരുന്നു.
വിതച്ച് ആദ്യ 25 ദിവസത്തിനുള്ളില്‍ മാത്രമേ ഈ കീടത്തിെൻറ ആക്രമണം ഉണ്ടാകൂ. ഡിസംബറില്‍ ഇവയുടെ സാന്നിധ്യം ആദ്യമായി കുട്ടനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒരു മാസത്തിലധികം മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്. അന്ന് യഥാസമയം കീടത്തെ തിരിച്ചറിയുകയും നിയന്ത്രണ നടപടി സ്വീകരിക്കുകയും ചെയ്തതിനാല്‍ പൂര്‍ണമായിതന്നെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം മംഗലം കായല്‍ പാടശേഖരത്ത് രണ്ടാഴ്ച പ്രായമായ നെല്‍ച്ചെടിയില്‍ ചെറിയ തോതില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ, രോഗവ്യാപനത്തിന് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ താനേ പിന്‍വാങ്ങിയതായാണ് നിഗമനം. ഇപ്പോഴാണ് വീണ്ടും പുഞ്ചകൃഷിയിൽ ചിത്രകീടത്തിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഈച്ച വര്‍ഗത്തില്‍പെടുന്ന ഈ കീടം നെല്ലിലെ ഒരു പ്രധാന കീടശത്രുവായ വേള്മാഗട്ടിെൻറ അതേ ജനുസില്പെടുന്നതാണ്. കാഴ്ചയില്‍ തീരെ ചെറുതാണ്. സൂക്ഷ്മദര്‍ശിനിയിലൂടെയുള്ള നിരീക്ഷണത്തില്‍ മാത്രമേ ഇവയെ കൃത്യമായി തിരിച്ചറിയാനാവൂ.
കീടബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത്...
ആറ് മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം കയറ്റി മുക്കിയിട്ടാല്‍ കീടബാധ ഒഴിവാക്കാം. അങ്ങനെ സാധിക്കാത്തിടങ്ങളില്‍ മാത്രമേ രാസ കീടനാശിനി പ്രയോഗം ആവശ്യമുള്ളൂവെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ചെടിയുടെ ആദ്യ വളര്ച്ചഘട്ടത്തിലാണ് കീടം ആക്രമിക്കുന്നെതന്നതിനാല് ചെടികള്‍ ഉരുകിപ്പോകുന്ന അവസ്ഥ ഉണ്ടാകാം. രാസകീടനാശിനി പ്രയോഗത്തിനുമുമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ പ്രിയ കെ. നായര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.