വെള്ളക്കെട്ടിൽനിന്ന് മോചനമില്ലാതെ കുട്ടനാട്
text_fieldsകുട്ടനാട്: തണ്ണീർമുക്കം, തോട്ടപ്പള്ളി ബണ്ടുകള്‍ അടച്ചിട്ടും കിഴക്കന്‍വെള്ളത്തിന്റെ വരവ് നിന്നിട്ടും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോഴും വെള്ളപ്പൊക്കം. ആറിനു സമീപത്തെ നിരവധി വീടുകളിലും റോഡുകളിലും സദാസമയവും വെള്ളക്കെട്ടാണ്. വേലിയേറ്റം, വേലിയിറക്കം എന്നിവക്കനുസരിച്ച് മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളുടെ പരിസരത്തും വഴിയിലും വെള്ളം കയറുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മങ്കൊമ്പ് വാസികള്‍ കഴിഞ്ഞ 28ന് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പുഞ്ചകൃഷി നടത്തുന്ന പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവര്‍ മാത്രമാണ് കുട്ടനാട്ടില്‍ വേലിയേറ്റ ദുരിതത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി ബണ്ടുകള്‍ ഡിസംബര്‍ 15ന് ഔദ്യോഗികമായി അടച്ചെങ്കിലും വേലിയേറ്റസമയത്ത് കടലില്‍നിന്ന് വെള്ളം വരുന്നതാണ് കുട്ടനാട്ടില്‍ വെള്ളം കൂടുന്നതെന്നാണ് വിലയിരുത്തൽ.
കായൽ മത്സ്യബന്ധന തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി തണ്ണീര്‍മുക്കം ഷട്ടറിന്റെ അടിഭാഗത്ത് കൂറ്റന്‍ പാറകള്‍ വെക്കുന്നതുമൂലം പൂര്‍ണമായും ഷട്ടര്‍ അടയാതെ കടല്‍വെള്ളം കായലിലേക്ക് കയറുന്നുണ്ടെന്ന് ആരോപണമുണ്ട്. കുട്ടനാട്ടിലെ ഇപ്പോഴത്തെ ദുരിതത്തിന് പരിഹാരമായി ഷട്ടറിലെ തകരാറുകള്‍ പരിഹരിച്ച് വെള്ളം കയറുന്ന പ്രദേശങ്ങളിലെ ചുറ്റുബണ്ടുകള് ബലപ്പെടുത്തി സംരക്ഷണ ഭിത്തി ഉയര്‍ത്തി നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മടവീഴ്ചയിൽ മനംമടുത്ത് കർഷകർ
കൈനകരി: കനകശ്ശേരി പാടശേഖരത്തില്‍ വീണ്ടും മടവീണതോടെ കര്‍ഷകര്‍ കടക്കെണിയിലും പ്രദേശവാസികള്‍ ദുരിതത്തിലുമായി. നാലുവര്‍ഷത്തിനുശേഷം രണ്ടാം തവണ കൃഷി ഇറക്കാമെന്ന പ്രതീക്ഷയില്‍ മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലെ കര്‍ഷകരാണ് പോളനീക്കം ചെയ്ത് കൃഷിയിടം ഒരുക്കുന്ന ജോലികള്‍ നടത്തിയത്. പോള നീക്കം ചെയ്യാന്‍ ലക്ഷങ്ങളാണ് കര്‍ഷകര്‍ ഇതിനകം ചെലവഴിച്ചത്. അപ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും മടവീണത്. പാടശേഖരത്തില്‍ സ്ഥിരമായി മടവീഴുന്ന 80 മീറ്റര്‍ ഭാഗത്ത് പൈല് സ്ലാബ് ഉറപ്പിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ. വീണ്ടും വെള്ളം വറ്റിച്ചില്ലെങ്കില്‍ വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് പ്രദേശവാസികള്‍ ദുരിതത്തിലാകും.
നബാർഡ് പാടശേഖരത്തിന് പുറംബണ്ട് ബലപ്പെടുത്താന്‍ ഫണ്ട് അനുവദിച്ചെങ്കിലും നിർമാണം നീളുകയാണ്. സ്ഥിരമായി മടവീഴുന്ന ഭാഗം സംരക്ഷിക്കാന്‍ ഡിസൈന്‍ തയാറാക്കാന്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും ഇത് ഇനിയും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസവും കലക്ടര്‍ ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചിരുന്നു. പലപ്പോഴായി കോടികള്‍ ചെലവഴിച്ചിട്ടും കനകാശ്ശേരിയില്‍ മട ഉറപ്പിക്കാനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.