ഉരുൾപൊട്ടൽ, പ്രളയം: കോട്ടയത്ത് 80 കോടിയുടെ കൃഷി നഷ്ടം, അഞ്ഞൂറ് ഏക്കർ ഒലിച്ചുപോയി
text_fieldsമലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി അഞ്ഞൂറ് എക്കറോളം കൃഷിഭൂമി ഒലിച്ചുപോയതായും വകുപ്പിെൻറ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ഗർത്തമായും മണ്ണ് കൂനയായും ഇവിടത്തെ കൃഷിഭൂമി മാറി.
കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം, കോരുത്തോട് അടക്കമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഏറ്റവും അധികം കൃഷി ഭൂമി ഒലിച്ചുപോയത്. ഇവിടെ 456.60 ഏക്കർ ഭൂമിയാണ് ഇല്ലാതായത്. ഉരുൾപൊട്ടലിൽ പലരുടെയും കൃഷിയിടങ്ങൾ കൊക്കപോലെയായി. പ്ലാപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, കാവാലി, മ്ലാക്കര മേഖലകളിലായി നിരവധി ഏക്കർ ഭൂമി പുല്ലകയാറ്റിൽ ഒഴുകിയെത്തി. ഈ പ്രദേശങ്ങളിലൊന്നും ഇനി കൃഷി സാധ്യമല്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. മണ്ണ് നീക്കാൻ പോലും കഴിയാത്ത സാഹചര്യമായതിനാൽ ഭൂമി തന്നെ ഉപേക്ഷിക്കണമെന്നും ഇവർ പറയുന്നു. പൂർണമായി ഇല്ലാതായതിനൊപ്പം വലിയതോതിൽ മേൽമണ്ണ് ഒലിച്ചുപോയ കൃഷിയിടങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഉടൻ കൃഷി സാധ്യമാകില്ലെന്നും കർഷകർ പറയുന്നു. പൂഞ്ഞാർ തെക്കേക്കര കൃഷിഭവന് കീഴിലും ഭൂമി ഒലിച്ചു പോയിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കരയിൽ 37.06 ഏക്കർ ഭൂമിയാണ് നഷ്ടപ്പെട്ടത്. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന നൂറുകണക്കിന് മലയോരകർഷകരുടെ പ്രതീക്ഷകൾക്ക് ഇത് വലിയ തിരിച്ചടിയായി.
മലയോരമേഖലക്കൊപ്പം ജില്ലയുടെ പടിഞ്ഞാൻ മേഖലയും മഴ നാശംവിതച്ചു. നെല്ലുകൾ കൊയ്യാനാകാതെയും ഒരുക്കിയ പാടത്ത് കൃഷിയിറക്കാനാവാതെയും അപ്പർകുട്ടനാട്ടിലെ നിരവധി കർഷകരാണ് ദുരിതത്തിലായത്. വിവിധ പാടങ്ങളിലായി കൊയ്യാറായ അയ്യായിരം ഏക്കറിലാണ് വെള്ളം കയറിയത്. ചില പാടങ്ങളിൽ കതിർ ഒടിഞ്ഞ് വീണു. വെള്ളം തുടർച്ചയായി കെട്ടി നിന്നതുമൂലം നെൽച്ചെടി അഴുകുന്നുമുണ്ട്. വൈക്കം, ഏറ്റുമാനൂർ ബ്ലോക്കുകളിലെ 1200 ഏക്കർ വിതയാണ് നശിച്ചത്. 51 പാടത്ത് മടവീണു, 20 പാടത്ത് പെട്ടി, പറ മോട്ടോറുകൾ നശിച്ചു. 10 പാടത്തെ റിങ് ബണ്ട് നശിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്കിൽ 125 ഏക്കറിൽ കൃഷിക്കായി ഒരുക്കിയ നിലം നശിച്ചു.
വിത നശിച്ച പാടങ്ങളിൽ വീണ്ടും വിത്ത് വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. കൃഷി നശിച്ച കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ നാശങ്ങൾക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും ലഭിക്കാനുണ്ടെന്ന് നെല്ല് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.