സാനുവിന്റെ പാടത്ത് ചീരക്കൊയ്ത്ത്
text_fieldsമാരാരിക്കുളം: സാനുവിന്റെ പാടത്ത് ചീരകളുടെ മേളം. മൂന്നേക്കറിലായി ആറിനം ചീരകളാണ് കൃഷി ചെയ്തിരിക്കുന്നത്. തൈക്കൽ ചീര, അരുൺ ചീര, റെഡ് റോസ്, പച്ച ചീര, സുന്ദരി ചീര, ചെമ്പട്ട് ചീര എന്നിവയാണ് കൃഷി ചെയ്തത്. തണ്ടിന് റോസ് നിറവും ഇലക്ക് ചുവപ്പുമാണ് റെഡ് റോസിന്റേത്.
അരുൺ ചീര പൊക്കമേറിയ ഇനമാണ്. നൂറു രൂപക്കാണ് ചില്ലറ വില്പന. ദേശീയ പാതയോരത്തെ വിപണന കേന്ദ്രം വഴിയാണ് വിൽക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്ന് സാനു പറഞ്ഞു. ക്വാളി ഫ്ലവറും കാബേജും തുടങ്ങി അഞ്ചേക്കറിൽ 16 ഇനം പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
കുളത്തിൽ മീൻകൃഷിയുമുണ്ട്. കാരിയും ചെമ്പല്ലിയും സിലോപ്പിയയുമാണ് വളർത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാംവാർഡിൽ പാപ്പറമ്പിൽ സാനു പൂർണ സമയ കർഷകനായിട്ട് ഒന്നര പതിറ്റാണ്ടു കഴിയുന്നു. കയർ ഫാക്ടറി തൊഴിലാളിയായിരുന്ന അച്ചൻ സുകുമാരനിൽ നിന്നാണ് കൃഷി പഠിച്ചത്. രണ്ടേക്കർ പാടം സ്വന്തമായുണ്ട്. ബാക്കി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. പാടത്ത് ഒരുപ്പൂ കൃഷിയുണ്ട്.
ഈ സമയം പച്ചക്കറി കൃഷി പറമ്പിലേക്ക് മാറ്റും. സ്വന്തമായി നിർമിക്കുന്ന ജൈവ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചീരയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, കർമസേന കൺവീനർ ജി. ഉദയപ്പൻ, കർഷകൻ സാനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.