ഇവിടം കൃഷിയുടെ ‘കല’വറ
text_fieldsചെറുതോണി: കാർഷിക ഗ്രാമമായ മരിയാപുരത്ത് കാടുമൂടിയ 11 ഏക്കറിനെ പൊന്നാക്കി മാറ്റിയ വൈദികനാണ് ഫാ. ഷാജി മംഗലത്ത്. കലയും കൃഷിയും ഒന്നുപോലെ കൈകോർത്തുനിൽക്കുന്ന ഈ ഭൂമിയെ പ്രകൃതിരമണീയമാക്കി മാറ്റിയതിൽ ഷാജി അച്ചന്റെ അധ്വാനവും ഭാവനയും കലാവൈഭവവുമുണ്ട്. സമീപവാസികൾക്ക് പ്രാർഥനക്കും സൗഹൃദം പങ്കിടാനും ഒത്തുചേരാനുമുള്ള ഇടം കൂടിയാണ് ഈ കൃഷിയിടം.
രണ്ടായിരത്തോളം തൈകൾ വളരുന്ന കുരുമുളക് തോട്ടമാണ് മുഖ്യ ആകർഷണം. പലയിനം കുരുമുളകുകൾ തഴച്ചുവളർന്നു നിൽക്കുന്നു. ഇടവിളയായി ഏലവുമുണ്ട്. നാനൂറോളം ഏലച്ചെടികളാണ് ഇവിടെ വളരുന്നത്. 400 കവുങ്ങും 150 തെങ്ങും വേറെ. പഴവർഗങ്ങൾക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. ഇവിടെ ഓറഞ്ച്, ആപ്പിൾ തുടങ്ങി വിദേശി-സ്വദേശി പഴവർഗങ്ങളുടെ കലവറ തന്നെ ഒരുക്കിയിരിക്കുന്നു.
ഓർഡർ ഓഫ് കർമലൈറ്റ് സന്യാസ സഭയിലെ വൈദികനാണ് കാർഷിക ഗ്രാമമായ തോപ്രാംകുടിക്ക് സമീപം പ്രകാശിൽ ജനിച്ച ഫാ. ഷാജി. പിതാവിൽനിന്ന് പകർന്ന് കിട്ടിയ കാർഷിക പാരമ്പര്യം നിലനിർത്തിയാണ് സന്യാസസഭയുടെ ഉടമസ്ഥതയിൽ മരിയാപുരത്തെ 11 ഏക്കർ സ്ഥലത്ത് വൈവിധ്യങ്ങളുടെ വിളഭൂമിയായ കൃഷിയിടം ഒരുക്കിയത്. 2017ൽ മരിയാപുരത്ത് എത്തിയ ഫാ. ഷാജി കാടുമൂടിയ കുന്നിൻചെരിവ് ഫലവൃക്ഷങ്ങളും സുഗന്ധവ്യഞ്ജനങ്ങളുംകൊണ്ട് നിറക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കരവിരുതിൽ ഒരുങ്ങിയ ചിത്രങ്ങളും ശിൽപങ്ങളും ഈ കൃഷിയിടത്തിലേക്ക് ആരെയും ആകർഷിക്കും.
ജന്മനാ ചിത്രകലയിൽ അഭിരുചിയുള്ള ഫാ. ഷാജിക്ക് ബംഗളൂരു കലാമന്ദിർ ഫൈൻ ആർട്സിലെ വിദ്യാഭ്യാസവും സഹായകമായി. തടിയിൽ ശിൽപങ്ങൾ കൊത്തി ഉണ്ടാക്കാൻ തുടങ്ങിയതോടെ ഇതു കാണാൻ നിരവധി പേർ എത്താറുണ്ട്. മൾട്ടി വുഡിൽ തീർത്ത രൂപങ്ങളും വിസ്മയിപ്പിക്കുന്ന 3ഡി ചിത്രരചനയുമെല്ലാം വിസ്മയക്കാഴ്ച ഒരുക്കുന്നു. പാഴ്നിലമായിരുന്ന 25 സെന്റ് പാറക്കെട്ടിൽ അച്ചൻ തീർത്ത ഗ്രോട്ടോയും ഗുഹയും നീർച്ചാലും വറ്റാത്ത കുളവും എല്ലാം ഇവിടുത്തെ ആകർഷണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.