വിലയുമില്ല, ആവശ്യക്കാരുമില്ല കൃഷിയിടങ്ങളിൽ പഴവർഗങ്ങൾ നശിക്കുന്നു
text_fieldsപുൽപള്ളി: ലോക്ഡൗണിനെ തുടർന്ന് പഴവർഗങ്ങൾക്ക് ആവശ്യക്കാരില്ലാത്തതിനാൽ വിളവെടുക്കാനാകാതെ കൃഷിയിടങ്ങളിൽ നശിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാഷൻഫ്രൂട്ട്, ബട്ടർഫ്രൂട്ട് എന്നിവ കൃഷിയിറക്കിയവർ നിരവധിയാണ്.
കയറ്റുമതി നിലച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കഴിഞ്ഞവർഷവും ലോക്ഡൗണിനെ തുടർന്ന് പഴവർഗങ്ങൾ കൃഷിയിടങ്ങളിൽതന്നെ കെട്ടിക്കിടക്കുകയായിരുന്നു.
ലോക്ഡൗണിന് മുമ്പ് പാഷൻഫ്രൂട്ടിന് കിലോക്ക് 80 രൂപയും ബട്ടർഫ്രൂട്ടിന് (വെണ്ണപ്പഴം) 250 രൂപയും വിലയുണ്ടായിരുന്നു. ഇവയുടെ വില കുത്തനെ കൂപ്പുകുത്തി. നല്ലയിനം ബട്ടർഫ്രൂട്ട് കായക്ക് ഇപ്പോൾ കിലോക്ക് 40 രൂപവരെയാണ് ലഭിക്കുന്നത്. വിപണി അടഞ്ഞുകിടക്കുന്നതിനാൽ ആവശ്യക്കാർ എത്തുന്നില്ല. ബട്ടർഫ്രൂട്ടിന് മറുനാട്ടിൽ ആവശ്യക്കാർ ഏറെയാണ്.
ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന വിപണി. അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം വന്നതോടെ കയറ്റുമതി നിലച്ചു. ഇത്തവണ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മുള്ളൻകൊല്ലിയിലെ കർഷകൻ സാബു മരോട്ടിമൂട്ടിൽ പറഞ്ഞു.
മറ്റ് കാർഷികവിളകൾ നശിച്ച സമയത്താണ് കർഷകരിൽ പലരും പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോയത്. കഴിഞ്ഞ തവണയും ലോക്ഡൗണിനെ തുടർന്ന് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇത്തവണയും അതേ ഗതിതന്നെയാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. ബാങ്ക് വായ്പ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് പെരുവഴിയിലായത്.
പഴവർഗ ഇനങ്ങൾ വീട്ടുവളപ്പിൽ നട്ടുപിടിപ്പിച്ചത് മികച്ച വരുമാനം പ്രതീക്ഷിച്ചാണ്. കഴിഞ്ഞ രണ്ടുവർഷമായി വിലത്തകർച്ചയാണ് എല്ലാ ഇനങ്ങൾക്കും.വിവിധ ഇനം മാങ്ങകളും പാഷൻ ഫ്രൂട്ടും വെണ്ണപ്പഴവുമെല്ലാം നട്ടുപിടിപ്പിച്ചത് കഴിഞ്ഞവർഷം മുതലാണ് വിളവെടുക്കാൻ തുടങ്ങിയത്. ലോക്ഡൗണിന് മുമ്പ് മികച്ച വില ഉണ്ടായിരുന്നെങ്കിലും പിന്നീടത് താഴ്ന്നു. ഇപ്പോൾ ആർക്കും പഴവർഗങ്ങൾ കയറ്റുമതി ചെയ്യാൻ താൽപര്യമില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമെല്ലാം പഴവർഗ ഇനങ്ങൾ തേടി ആളുകൾ എത്താറുണ്ട്. ഇപ്പോൾ ആരുമില്ല.
സാബു മരോട്ടിമൂട്ടിൽ –കർഷകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.