വർഷം മുഴുവൻ വിളവെടുക്കാൻ പയർ കൃഷി
text_fieldsഎല്ലാ സമയവും കൃഷി ചെയ്യാനും വിളവെടുക്കാനും സാധിക്കുന്ന പച്ചക്കറിയാണ് പയർ. പ്രോട്ടീൻ കലവറയായ പയർ 21 ഡിഗ്രി മുതൽ 35ഡിഗ്രി വരെ താപനിലയിൽ ധാരാളമായി വളരും. വിഗ്ന അൻഗ്വിക്കുലേറ്റ എന്ന ശാസ്ത്ര നാമത്തിലുള്ള പയറിന്റെ ജന്മദേശം മധ്യാഫ്രിക്കയാണ്. ശരിയായ വളപ്രയോഗവും ജലസേചനവുമുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ പയർ വിളവെടുത്ത് തുടങ്ങാം.
ഇനങ്ങൾ
ഭാഗ്യലക്ഷ്മി, കൈരളി, അനശ്വര, വരുണ്‍, കനകമണി തുടങ്ങിയവയാണ് നല്ല വിളവ് നൽകുന്ന കുറ്റിപ്പയർ ഇനങ്ങൾ. മികച്ച വിളവ് നൽകുന്ന വള്ളിപ്പയര്‍ ഇനങ്ങളാണ് വെള്ളായണി ജ്യോതിക, ശാരിക, മാലിക, ലോല, വൈജയന്തി തുടങ്ങിയവ.
നടീൽ രീതി
ഒരടി നീളവും വീതിയുമുള്ള കുഴിയെടുത്ത് പയർ നടാം. കുറ്റി പ്പയറിനങ്ങൾ 30 x 15 സെൻറീമീറ്റർ അകലത്തിലും ചെറിയതോതിൽ പടരുന്നവ 45 x 30 സെൻറീമീറ്റർ അകലത്തിലും നടണം. പന്തലിൽ കയറ്റേണ്ട ഇനങ്ങൾ 2 x 2 മീറ്റർ അകലത്തിലും കമ്പുകൾ കുത്തി പടർത്തുന്നവ 1.5 മീറ്റർ x 45 മീറ്റർ അകലത്തിലുമാണ് നടേണ്ടത്. രണ്ടുമീറ്റർ ഇടവിട്ട് വെള്ളം വാർന്നു പോകാനുള്ള ചാലുകൾ കീറണം. കുഴിയിൽ മണ്ണും കുമ്മായവും യോജിപ്പിച്ച് ഒരാഴ്ച ഇട്ടുവെക്കുന്നത് നല്ലതാണ്. കൂടാതെ അടിവളമായി ചാണകപ്പൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ചേർത്ത് നാലഞ്ചുദിവസം വെയിൽ കൊള്ളാൻ വെക്കുന്നതും നല്ലതാണ്. കുതിർത്തു മുളപ്പിച്ച വിത്തുകൾ ഒരിഞ്ച് താഴ്ത്തി നടണം. കുറ്റിപ്പയര്‍ ഒരു സെന്റിന് 100 ഗ്രാം വിത്തും വള്ളിപ്പയറിന് 20 ഗ്രാം വിത്തും ആവശ്യമായി വരും.
ജലസേചനം
വിത്തു മുളവരുന്നതിന് മുമ്പ് രാവിലെയും വൈകീട്ടും നനക്കണം. പിന്നീട് കൃത്യമായ ഇടവേളകളിൽ ജലസേചനം നടത്തണം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അമിതമായി വെള്ളമൊഴിച്ചാൽ അമിതമായി പയർ പടർന്നു പന്തലിക്കും. അതിനാൽ മിതമായി ജലസേചനം നടത്തുക. പുഷ്പിക്കുന്ന സമയത്തെ കൂടുതല്‍ ജലസേചനം കൂടുതല്‍ പൂക്കളുണ്ടാകുന്നതിന് സഹായിക്കും.
വളപ്രയോഗം
മുളച്ച് മൂന്നോ നാലോ ഇലകൾ വന്നാൽ പച്ചച്ചാണകം കലക്കി ചുവട്ടിലൊഴിച്ച് നൽകാം. ഇടക്ക് ചാണകപ്പൊടി, ആട്ടിൻകാഷ്ഠ പൊടി, കോഴിവളം തുടങ്ങിയവ ഇട്ടുനൽകുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും. ചുവട്ടിൽ പുതയിട്ട് നൽകുന്നതും ചെടിയുടെ വളർച്ചക്ക് നല്ലതാണ്. വള്ളി പടർന്നാൽ പന്തലിട്ടു നൽകണം. പൂത്തു തുടങ്ങിയാലും കോഴിവളവും ചാണകപ്പൊടിയുമെല്ലാം നൽകാം.
വിളവെടുപ്പ്
വിത്തുപാകി 50-60 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. മൂപ്പ് കുറഞ്ഞ ഇനങ്ങളിൽ 45 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പ് നടത്താം. 100 ദിവസം വരെ പയർ ലഭിക്കും. മൂപ്പെത്തി നാരുവെക്കുന്നതിന് മുമ്പുതന്നെ വിളവെടുക്കാൻ ശ്രദ്ധിക്കണം. 5-6 ദിവസം ഇടവിട്ട് വിളവെടുക്കാൻ സാധിക്കും. പയറിന്റെ ഇലയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാം. പോഷക സമൃദ്ധമാണ് പയറിന്റെ ഇല.
കീട/രോഗങ്ങളുടെ ആക്രമണം
കീടങ്ങളുടെ ആക്രമണം ഏറ്റവും കൂടുതലുണ്ടാകുന്ന ഒരു വിളയാണ് പയർ. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണവും ഇവക്ക് ആവശ്യമാണ്. പുളിപ്പിച്ച കഞ്ഞിവെള്ളം മഞ്ഞൾപ്പൊടി ചേർത്ത് ചുവട്ടിൽ ഒഴിച്ചുനൽകുന്നതും ചെടികളിൽ തളിക്കുന്നതും നല്ലതാണ്. പല കീടങ്ങളുടെയും ആക്രമണത്തെ ഇതുവഴി ചെറുക്കാം. ഉറുമ്പിനെ ഓടിക്കാനായി വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കുന്നത് നല്ലതാണ്.
മുഞ്ഞ/പയര്‍പേന്‍
പൂക്കള്‍, കായ്കള്‍, ഇളം തണ്ട് എന്നീ ഭാഗങ്ങളില്‍ കൂട്ടം കൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നവയാണ് മുഞ്ഞ/പയർപേൻ. ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടികള്‍ വളര്‍ച്ച മുരടിച്ച് ഉണങ്ങിപ്പോകും. പ്രാണികളെ ശേഖരിച്ചു നശിപ്പിക്കുകയെന്നതാണ് പ്രധാന പോംവഴി. കൂടാതെ ചെടികളില്‍ അതിരാവിലെ ചാരം വിതറിയും മുഞ്ഞകളെ ഒരു പരിധിവരെ നിയന്ത്രിക്കാം.
പയർ ചാഴി
കായകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നതും കായകളുടെ പുറംഭാഗം പരുക്കനാകുന്നതുമാണ് ലക്ഷണം. ചാഴിയെ പിടിച്ച് നശിപ്പിക്കണം. കൂടാതെ വിളവെടുപ്പിനുശേഷം അഞ്ചുശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് ഒരു മില്ലി ഒരു ലിറ്ററിന് എന്ന തോതില്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 10 ശതമാനം വീര്യമുള്ള ഗോമൂത്രം, 10 വെളുത്തുള്ളി, 10 ഗ്രാം കായം, 10 ഗ്രാം കാന്താരി എന്നിവ ചേര്‍ത്ത് രണ്ടാഴ്ച ഇടവിട്ട് പ്രയോഗിക്കുക.
ചിത്രകീടം
ഇലപ്പരപ്പില്‍ വെളുത്ത അടയാളം കാണുന്നതാണ് ലക്ഷണം. ആക്രമണ ലക്ഷണം കാണുന്ന ഇലകള്‍ പറിച്ചുമാറ്റി നശിപ്പിക്കണം. കുഴി ഒന്നിനു 20 ഗ്രാം വേപ്പിന് പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് നൽകണം. കൂടാതെ രണ്ടുശതമാനം വീര്യത്തില്‍ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതമോ അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്തോ തളിച്ചുകൊടുക്കണം.
ഇലപ്പേന്‍
മുകുളങ്ങളെ ബാധിക്കുന്ന ഈ കീടം വൈറസ് മൂലമുള്ള കുരുടിപ്പ് രോഗത്തെ പരത്തുകയാണ് ചെയ്യുക. ആക്രമണാരംഭത്തില്‍ തന്നെ പുകയില കഷായം തളിക്കണം.
പൂവും കായും തുരക്കുന്ന പുഴുക്കള്‍
പൂവും മുകുളങ്ങളും ഇവ തിന്നു നശിപ്പിക്കും. കേടായ കായ്കള്‍ പുഴുക്കളോടു കൂടിയെടുത്ത് നശിപ്പിച്ചു കളയണം. കൂടാതെ വേപ്പിന് പിണ്ണാക്ക് 250 കിലോ/ ഹെക്ടര്‍ എന്ന നിരക്കില്‍ പൂവിടുന്ന സമയത്ത് മണ്ണില്‍ ചേര്‍ത്ത് നൽകണം. പാകമായ കായ്കള്‍ പറിച്ചെടുത്തതിനുശേഷം കീടനാശിനി തളിക്കണം.
കുരുടിപ്പ് / മൊസൈക്ക്
ഒരു വൈറസ് രോഗമാണിത്. മുഞ്ഞ/എഫിഡ് ആണ് രോഗം പരത്തുന്നത്. ഇലകളില്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. രോഗലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ ഉടന്‍ നശിപ്പിക്കണം. രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പുകയില കഷായമോ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതമോ സ്പ്രേ ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.