ചെലവില്ലാതെ തിപ്പലി കൃഷി ചെയ്യാം
text_fieldsകാര്യമായ സാമ്പത്തിക മുതൽമുടക്കില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഔഷധച്ചെടിയായ തിപ്പല്ലി കൃഷി. ഇതിലൂടെ മികച്ച വരുമാനവുമുണ്ടാക്കാം. കുരുമുളക് വള്ളിക്ക് സമാനമായ ഒന്നാണ് തിപ്പല്ലി. അതേരീതിയിൽ മരങ്ങളിലും മറ്റും പടർത്തുകയാണ് ഇതിന്റെ കൃഷിരീതി.
കുറെ വർഷമായി തിപ്പല്ലി കൃഷിയിലൂടെ നേട്ടമുണ്ടാക്കുന്ന യുവകർഷകൻ കോഴിക്കോട് ജില്ലയിലുണ്ട്. ജൈവകർഷകനായ പുന്നശ്ശേരി ആറോളിപ്പൊയിലിലെ പുതുക്കോത്തുംകണ്ടി ഗിരീഷ് കുമാറാണ് തന്റെ പുരയിടത്തോട് ചേർന്ന് വിപുലമായി തിപ്പല്ലി കൃഷി നടത്തുന്നത്. പരേതനായ മധുവനം രാഘവൻ വൈദ്യർ നൽകിയ ഒരു തൈയിൽനിന്നാണ് ഗിരീഷ് കുമാറിന്റെ തിപ്പല്ലി കൃഷിയുടെ തുടക്കം. നിലവിൽ നൂറ്റിയമ്പതോളം മരങ്ങളിൽ തിപ്പല്ലി വളർത്തുന്നുണ്ട്. ഏതു മരത്തിലും തിപ്പലി വള്ളി അള്ളിപ്പിടിച്ച് കയറും. വർഷത്തിൽ മൂന്നുതവണ വിളവെടുക്കാം. വള്ളി നട്ട് മൂന്നു കൊല്ലത്തിനുള്ളിൽതന്നെ തിപ്പല്ലി പറിക്കാൻ പാകമാകും.
കാര്യമായ വളപ്രയോഗമോ, പരിചരണമോ ആവശ്യമില്ലാത്ത ഒന്നായതിനാൽ കൃഷിക്ക് വളരെ കുറവ് ചെലവ് മതിയെന്നാണ് ഗിരീഷ് കുമാർ പറയുന്നത്. തിപ്പലി പഴുത്തു ഭാഗമായാൽ പറിച്ചെടുത്ത് ഉണക്കി ഔഷധശാലകളിൽ എത്തിക്കുകയാണ് പതിവ്. കിലോഗ്രാമിന് 500 രൂപക്കടുത്ത് ലഭിക്കാറുള്ളതായി ഗിരീഷ് കുമാർ പറയുന്നു. ഏറെ വരുമാന സാധ്യതയുള്ള ഔഷധ കൃഷിയായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്. തിപ്പല്ലി കൃഷിയിൽ കീടങ്ങളുടെ ഉപദ്രവവും കുറവാണ്.
തിപ്പലി-ആയുർവേദ ഔഷധകൂട്ട്
തിപ്പലി ഒട്ടുമിക്ക ആയുര്‍വേദ ഔഷധങ്ങളിലും ചേർക്കുന്നുണ്ട്. ത്രികടു എന്ന ഔഷധക്കൂട്ടുകളിൽപെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവയാണ് ത്രികടു. തിപ്പലിക്ക് നല്ല എരിവാണ്. കുരുമുളകിനോട് സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോടുകൂടി പടര്‍ന്നുവളരുന്ന സസ്യമാണ്.
ഈര്‍പ്പവും ജൈവാംശവുമുള്ള മണ്ണില്‍ അൽപം തണല്‍ ലഭിച്ചാല്‍ തിപ്പലി നന്നായി വളരും. പടര്‍ന്നുകിടക്കുന്ന തണ്ടില്‍ ഓരോ മുട്ടുകളിലും വേരുകള്‍ ഉണ്ടായിരിക്കും. വേരുള്ള രണ്ടോ മൂന്നോ മുട്ടുകളോടുകൂടിയ തണ്ടുകള്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. തെങ്ങ്, കവുങ്ങ്, ശീമക്കൊന്ന, മുരിങ്ങ എന്നിവയിലെല്ലാം പടർന്നുകയറും. അവക്കുള്ള വളംതന്നെ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.