ഐ.ഐ.ടിയിലെ ചെലവ് കുറഞ്ഞ പരീക്ഷണകൃഷി കർഷകരിലേക്ക്
text_fieldsപാലക്കാട്: മണ്ണറിഞ്ഞ് വിള ചെയ്താൽ പൊന്ന് വിളയിക്കാം. എന്നാൽ, നിർമിതബുദ്ധി കൂടി കൂട്ടിനെത്തിയാലോ? നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പാലക്കാട് ഐ.ഐ.ടിയിലെ സ്മാർട്ട് അഗ്രിടെക് സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച് ആൻഡ് െഡവലപ്മെന്റ് (സാറ്റ്കാർഡ്) കർഷകരെ കൈപിടിച്ചുയർത്താൻ നടത്തിയ ശ്രമം ഫലം കാണുകയാണ്. ചെലവ് കുറഞ്ഞ രീതിയിലുള്ള പരീക്ഷണകൃഷിയാണെങ്കിലും 50 മുതൽ 60 ശതമാനം വരെ അധികവിളവ് ലഭിച്ചെന്ന് കർഷകരുടെ സാക്ഷ്യം. ഇതിനകം സാറ്റ്കാർഡ് 12 ഇടത്ത് എ.ഐ സഹായത്തോടെ പരീക്ഷണകൃഷി നടത്തി.
നിർമിതബുദ്ധി അധിഷ്ഠിത തുള്ളിനന
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള വിലയിരുത്തലനുസരിച്ച് മൊബൈൽ ഫോണിൽ തയാറാക്കിയ ഇടവേളകളിൽ സ്വയം നനക്കുന്ന സംവിധാനമാണിത്. ഓരോ കാര്ഷികവിളക്കുമനുസരിച്ച് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താൻ ആവശ്യാനുസരണം മാത്രം ഈ സംവിധാനം പ്രവർത്തിക്കും. ഓരോ വിളക്കനുസരിച്ചുമുള്ള വെള്ളത്തിന്റെ അളവ് കണ്ടെത്തി നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് നന.
സ്മാർട്ട് വെതർ സ്റ്റേഷനുകൾ
വെറുമൊരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമല്ല, നിർമിതബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ചെറുസംവിധാനമാണിത്. ചൂടും മഴയും ഈർപ്പവും മറ്റും അറിയിക്കുക മാത്രമല്ല, സെൻസറുകളുടെ സഹായത്തിൽ മണ്ണിനെപ്പറ്റിയും കാറ്റിനെപ്പറ്റിയും വെള്ളത്തെപ്പറ്റിയും ജലവിതരണ സംവിധാനത്തെപ്പറ്റിയുമൊക്കെയുള്ള വിവരങ്ങളടങ്ങിയവയാണ് ഈ നിരീക്ഷണകേന്ദ്രം. സോളാർ സെല്ലുകളുടെ സഹായത്തിൽ റീചാർജ് ബാറ്ററിയിലാണ് പ്രവർത്തനം. സെൻസറുകൾ വഴി എടുക്കുന്ന വിവരങ്ങൾ സ്ഥിരമായി മൊബൈൽ ഫോണിലെ ആപ്പിലേക്ക് എത്തിക്കുന്ന, എളുപ്പം സ്ഥാപിക്കാവുന്ന സംവിധാനമാണിത്. പഞ്ചായത്ത് തലത്തിലോ കർഷക കൂട്ടായ്മയുടെ പേരിലോ വെതർ സ്റ്റേഷനുകൾ വെച്ചാൽ ഏറെ പ്രയോജനപ്രദമാകും. സംസ്ഥാനത്തെ വിവിധ പരീക്ഷണ കൃഷിയിടങ്ങളിൽ ‘സാറ്റ്കാർഡ്’ ഇതിനകം ഇത്തരം സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
സെൻസറുകളും റിമോട്ട് സെൻസിങും
കർഷകർക്ക് ഉപകാരപ്പെടും വിധം സെൻസറുകൾ വഴി ഡാറ്റകൾ ശേഖരിച്ച് ഉപയോഗപ്പെടുത്തിയാണ് മണ്ണിലെ ഗുണപരതയും ഈർപ്പവും കണ്ടെത്തുന്നത്. മാത്രമല്ല, ഡ്രോണുകൾ വഴി പ്രത്യേക രീതിയിലുള്ള പ്രകാശകിരണങ്ങള്‍ ഉപയോഗപ്പെടുത്തി കൃഷിയിടങ്ങളിലെ വിവിധ രാസഘടകങ്ങളുടെ കുറവ് മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാൽ അവശ്യം വേണ്ട സ്ഥലത്ത് മാത്രം കീടനാശിനികളും വളവിതരണവും നടത്തുകയെന്ന രീതി കർഷകർക്കും ഗുണം ചെയ്യുന്നു.
‘സാങ്കേതികവിദ്യ കർഷകരിലെത്തണം’
സാങ്കേതിക വിദ്യ കർഷകരിലെത്തിയാൽ മാത്രമേ പ്രതിസന്ധിയിലായ മേഖലയെ കൈപിടിച്ചുയർത്താനാകൂവെന്ന് പാലക്കാട് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രഫസറും സാറ്റ്കാർഡ് തലവനുമായ ഡോ. ശ്രീനാഥ് വിജയകുമാർ പറഞ്ഞു. അടുത്തഘട്ടമായി വിവിധ വിളകൾ കാമ്പസിലെ എട്ട് േപ്ലാട്ടുകളിലായി കൃഷി ചെയ്യാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.