പഴമയുടെ പ്രൗഢിയിൽ മമ്മദ് ഹാജിയുടെ ഈന്തിൻ തോട്ടം
text_fieldsകൽപകഞ്ചേരി: പുതുതലമുറ അത്ര കണ്ടും കേട്ടും പരിചയമില്ലാത്ത ഒന്നാണ് ഈന്ത് മരം. എന്നാൽ മുമ്പേ ഇത് പഴമക്കാരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പഴമയുടെ ഓർമകൾ നിലനിർത്താനും പുതുതലമുറകൾക്ക് പരിചയപ്പെടുത്താനുമായി ഈന്തിനെ ഇന്നും പരിചയിച്ച് സംരക്ഷിക്കുന്ന ഒരു കർഷകനാണ് വൈലത്തൂർ അയ്യായ സ്വദേശിയായ ചോലക്കൽ പുളിക്കൽ പറമ്പിൽ മമ്മദ് ഹാജി (73). ഇദ്ദേഹത്തിന്‍റെ പറമ്പിൽ 150ഓളം ഈന്ത് മരങ്ങളാണ് പൂത്തു കായ്ച്ച് നിൽക്കുന്നത്.
പൂർവികരായി സംരക്ഷിച്ചു നിലനിർത്തിയ ഈന്ത് മരം ഒന്നും തന്നെ ഇതുവരെ മുറിച്ചില്ല. പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഈന്ത് കായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പറിച്ചെടുക്കാൻ പാകമാകുക. വിളവിന്റെ നല്ലൊരു ഭാഗം ആവശ്യക്കാർക്ക് കൊടുക്കും. ബാക്കി ഭൂമിയുടെ അവകാശികളായ പക്ഷി-മൃഗാദികൾക്കുവേണ്ടി മാറ്റിവയ്ക്കും. സൈക്കസ് സിർസിനാലിസ് (cycas circinalis) എന്നാണ് ഇതിന്‍റെ ശാസ്ത്രീയനാമം. ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിന്റെ സവിശേഷതയാണ്.
സാധാരണയായി പറമ്പുകളുടെ അതിരുകളോടും ചിലപ്പോൾ വരമ്പുകളോടും ചേർന്നാണ് ഈന്ത് കാണപ്പെടുന്നത്. പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിൻ പുടി, ഹലുവ തുടങ്ങിയ വിഭവങ്ങൾ ഈന്തിൻ പൊടി ഉപയോഗിച്ച് തയാറാക്കുന്നുണ്ട്. കടല പരിപ്പും വെല്ലവും ചേർത്ത് തയാറാക്കുന്ന 'മധുരക്കറി' കർക്കടകവാവു ദിനത്തിലെ പ്രധാന വിഭവമാണ്.
തെങ്ങിനെ പോലെ ഒരു ഒറ്റത്തടി വൃക്ഷമാണ് ഈന്ത്. ആറോ ഏഴോ അടി പൊക്കത്തിൽ വളരുന്ന ഈ വൃക്ഷത്തിന് തെങ്ങിന്റെ ഓലകളോട് സാമ്യമുള്ള നേർത്ത ഇലകളാണുള്ളത്.മുമ്പ് നാട്ടിൻപുറങ്ങളിലെ കല്യാണപ്പന്തലും കമാനവും മോടികൂട്ടിയിരുന്നത് ഈന്തിൻപട്ട ഉപയോഗിച്ചായിരുന്നു. വംശനാശ ഭീഷണിയിൽ നിന്ന് ഈന്തിനെ രക്ഷിക്കാൻ എല്ലാവരും ഈ മരം സംരക്ഷിച്ചു നിലനിർത്തണമെന്ന് മമ്മദ് ഹാജി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.