കേരകർഷകരെ ദുരിതത്തിലാക്കി മണ്ഡരി ബാധ
text_fieldsപേരൂർക്കട: ഒരിടവേളക്കുശേഷം കേരകർഷകരെ ദുരിതത്തിലാക്കി മണ്ഡരി ബാധ പരക്കുന്നു. കുടപ്പനക്കുന്ന് കൃഷിഭവന്റെ പരിധിയിൽ കല്ലയം, ഇരപ്പുഴി, വട്ടപ്പാറ ഭാഗങ്ങളിലും വട്ടിയൂർക്കാവ് കൃഷിഭവൻ പരിധിയിൽ കുലശേഖരം, ലക്ഷംവീട് കോളനി, കൊടുങ്ങാനൂർ ഭാഗങ്ങളിലും ഉള്ളൂർ കൃഷിഭവന്റെ പരിധിയിൽ പോങ്ങുമ്മൂട്, കൈലാസ് ലെയിൻ, ഉള്ളൂർ തുടങ്ങിയ ഭാഗങ്ങളിലും കേര കർഷകർ മണ്ഡരിബാധ കൊണ്ടുണ്ടാകുന്ന നഷ്ടത്താൽ ദുരിതമനുഭവിക്കുന്നു.
വെട്ടുകത്തി കൊണ്ടോ പാര കൊണ്ടോ എളുപ്പത്തിൽ തേങ്ങയുടെ തൊണ്ടിളക്കാൻ സാധിക്കാത്തവിധത്തിൽ തേങ്ങ വികൃതമായ രൂപത്തിൽ ആകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. മണ്ഡരിബാധ ഏറ്റുകഴിഞ്ഞാൽ പിന്നെ ഇവയെ നശിപ്പിക്കുക പ്രയാസമാണ്. ഡെക്കോഫോൾ എന്ന കീടനാശിനി തുടക്കത്തിൽ പ്രയോഗിച്ചാൽ മാത്രമേ ഫലം കാണുകയുള്ളൂ. പക്ഷേ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇവയെ ആരുംതന്നെ കർഷകർക്ക് ശിപാർശ ചെയ്യുന്നില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ നിഷ്കർഷത പുലർത്തുന്നുണ്ട്. കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഇത്തരമൊരു മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വേപ്പെണ്ണയും വെളുത്തുള്ളിയും കൂടിക്കലർന്ന മിശ്രിതമാണ് മച്ചിങ്ങ ഉണ്ടാകുന്ന സമയത്ത് ആ ഭാഗത്ത് തളിക്കുന്നത്.
കേരകർഷകർ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. മഴക്കാലമായിട്ടുകൂടി ഇടയ്ക്കിടെ ലഭിക്കുന്ന വേനലിൽ മണ്ഡരി ബാധയുടെ തീവ്രത അറിയാൻ സാധിക്കുന്നതായി കർഷകർ പറയുന്നു.
അവശേഷിക്കുന്ന കർഷകർക്കെങ്കിലും ഉചിതമായ ജീവിതമാർഗം നേടിക്കൊടുക്കുന്നതിന് കൃഷിഭവനുകൾ രംഗത്തുണ്ട്. വീണ്ടും ഉണ്ടായിരിക്കുന്ന മണ്ഡരിബാധ പൂർണമായും ഇല്ലാതാക്കുന്നതിന് കർഷകർ മാർഗനിർദേശങ്ങൾക്കും പ്രകൃത്യാലുള്ള മരുന്നിനുമായി കൃഷിഭവനുകളെ സമീപിക്കണമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.