കർഷക ദു:ഖം: പൂത്ത മാവുകളിൽ ഇലപ്പേൻ ആക്രമണം രൂക്ഷം; കർഷകർ ആശങ്കയിൽ
text_fieldsമുതലമട: പൂത്ത മാവുകളിൽ ഇലപ്പേൻ ആക്രമണം ശക്തമായതോടെ കർഷകർ ദുരിതത്തിൽ. ജനുവരി അവസാനത്തോടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിക്കാറുള്ള മുതലമടയിൽ ഇലപ്പേൻ ആക്രമണം വർധിച്ചത് വിളവിനെ ബാധിച്ചേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. പൂവിെൻറ തണ്ടിലെ നീരൂറ്റിക്കുടിച്ച് പൂക്കൾ ഉണങ്ങാൻ കാരണമാവുന്ന ഇലപ്പേനിനെതിരെ ലഭ്യമായ കീടനാശിനികൾ മിക്കതും ഫലപ്രദമല്ലെന്ന് കർഷകർ പറയുന്നു. 300ലധികം ചെറുതും വലുതുമായ മാങ്ങ സംഭരണശാലകൾ ഉള്ള മുതലമടയിലും പരിസര പഞ്ചായത്തുകളിലും ഇക്കുറി സമയമായിട്ടും സംഭരണ ഷെഡുകൾ കാലിയാണ്. പ്രതികൂലമായ കാലാവസ്ഥയാണ് ഇത്തവണ വിളവെടുപ്പ് വൈകിക്കുന്നതെന്ന് മാവ് കർഷകനായ മോഹനൻ പറഞ്ഞു.
2000ത്തിലധികം മാവ് കർഷകരും 500ലധികം പാട്ടക്കർഷകരുമുള്ള മുതലമട മേഖലയിൽ മാവിന് ഉണ്ടാകുന്ന കീടബാധ നിയന്ത്രിക്കാൻ മാങ്കോ ക്ലിനിക് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. കീടനാശിനികളുടെ ആക്രമണങ്ങൾ ഉടൻ മനസ്സിലാക്കി അപ്പോൾതന്നെ കീടനിയന്ത്രണത്തിനുള്ള കീടനാശിനികൾ ഉപയോഗിക്കാൻ നിർദേശിക്കാൻ വിദഗ്ധർ മുതലമടയിൽ ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. ഇലപ്പേനിനെതിരെ തമിഴ്നാട് കീടനാശിനി വ്യാപാരികൾ നിർദേശിക്കുന്ന കീടനാശിനികൾ നാല് തരത്തിലുള്ളവ വാങ്ങി ഒരുമിച്ച് കലർത്തി തളിക്കുന്ന പ്രവണത വർധിച്ചതിനാൽ കീടനാശിനികൾ കൃഷിഭവനിലൂടെ വിതരണം ചെയ്യണമെന്നും അംഗീകൃതമല്ലാത്ത കീടനാശിനി ഉപയോഗങ്ങൾക്കെതിരെ നോട്ടീസ് പ്രചാരണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, ആവശ്യമായ ബോധവത്കരണങ്ങൾ നടത്തുന്നതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.