ക്ഷീര മേഖലയിലെ നിറസാന്നിധ്യമായി മണികണ്ഠൻ
text_fieldsആലുവ: 18ാം വയസ്സിൽ തിരുനെൽവേലിയിൽനിന്നു കേരളത്തിൽ കറവക്കാരനായി വന്ന മണികണ്ഠൻ എന്ന മണി ഇന്ന് ആലുവയിലെ ക്ഷീര മേഖലയിലെ നിറസാന്നിധ്യമാണ്. രണ്ടായിരത്തിൽ എത്തിയ മണി ബന്ധുക്കളായ കറവ ജോലിക്കാരുടെ കൂടെ സഹായിയായാണ് തുടക്കം. പിന്നീട് ജോലി സ്വന്തമായി ഏറ്റെടുത്തു. കുട്ടമശ്ശേരിയിലും സമീപങ്ങളിലുമായി വീടുകളിലും ഫാമുകളിലുമായി കറവ ജോലി ഏറ്റെടുത്തു.
തുടക്കത്തിൽ പത്തോളം പശുക്കളെ കറവക്കായി ലഭിച്ചു. പിന്നീട് അത് 55-60 വരെയായി. 11 വർഷം സൈക്കിളിലാണ് ഓരോ വീടുകളിലും പോയിരുന്നത്. പിന്നീട് ഇരുചക്ര വാഹനത്തിലേക്ക് മാറി.
ദീർഘകാലം കുട്ടമശ്ശേരിയിൽ താമസിച്ച് ജോലി ചെയ്ത മണി ഇവിടത്തുകാർക്ക് സുപരിചിതനാണ്. പശുവളർത്തൽ പലരും ഉപേക്ഷിച്ച് തുടങ്ങിയതായി മണി പറയുന്നു. ഇപ്പോൾ കുറച്ചു വീടുകളിലെ കറവ മാത്രമേ എടുത്തിട്ടുള്ളൂ. പിന്നീട് മണി പശു വളർത്തലിലേക്കുകൂടി തിരിയുകയായിരുന്നു. ഇന്ന് കറവപ്പശുക്കൾ ഉൾപ്പെടെ 15ഓളം പശുക്കൾ കുട്ടമശ്ശേരിയിലെ മണിയുടെ ഫാമിലുണ്ട്.
കുട്ടമശ്ശേരിയിലും പരിസരങ്ങളിലുമായി നിരവധി ആളുകൾ ഇവിടെനിന്നും പാൽ വാങ്ങുന്നുണ്ട്. പാൽ വീടുകളിൽ എത്തിച്ചുകൊടുക്കുന്നുമുണ്ട്. കുട്ടമശ്ശേരി ക്ഷീര സംഘത്തിലും പാൽ കൊടുക്കുന്നു. പശുവളർത്തലിനൊപ്പം കാലിത്തീറ്റ കച്ചവടവും മണി നടത്തുന്നുണ്ട്.
തീറ്റയുടെ വില വർധനമൂലം പശുവളർത്തൽ നഷ്ടമാവുകയാണെന്നും സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മണി പറയുന്നു.
കുട്ടമശ്ശേരി കുന്നശ്ശേരിപ്പള്ളത്ത് താമസിക്കുന്ന മണിക്ക് ഭാര്യ കൃഷ്ണവേണിയുടെയും മക്കളായ വിജയലക്ഷ്മി, വിനിത എന്നിവരുടെയും പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്. മികച്ച ക്ഷീരകർഷകനുള്ള കീഴ്മാട് കൃഷിഭവന്റെ 20222023ലെ അവാർഡും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.