മാറാക്കര ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയിൽ
text_fieldsകാടാമ്പുഴ: കൃഷിവകുപ്പ് നടപ്പാക്കുന്ന 'കേരഗ്രാമം' പദ്ധതിയിൽ മാറാക്കര ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തിയതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്ന അഞ്ചാമത്തെ ഗ്രാമപഞ്ചായത്താണ് മാറാക്കര. എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, പൊന്മള പഞ്ചായത്തുകളെ നേരത്തേ ഉൾപ്പെടുത്തിയിരുന്നു.
നാളികേര വികസന പദ്ധതി പ്രകാരം 2022-23 വർഷത്തിൽ ഒന്നാംവർഷ കേരഗ്രാമങ്ങളുടെ ലിസ്റ്റിലാണ് മാറാക്കര പഞ്ചായത്തിനെ ഉൾപ്പെടുത്തിയത്. പദ്ധതിക്കായി 25.67 ലക്ഷം രൂപ സംസ്ഥാന വിഹിതമായി ലഭിക്കും. പഞ്ചായത്ത് വിഹിതവും എസ്.എഫ്.എസി വിഹിതവും ഉപയോഗിക്കും. ഓരോ കേരഗ്രാമത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൽ തോപ്പുകളിൽ കിണർ, പമ്പ് സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിർമാണത്തിന് കമ്പോസ്റ്റ് യൂനിറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന ഘടകങ്ങൾ. പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.