കർഷകർക്ക് ഉപയോഗമില്ലാതെ മരക്കടവ് ജലസേചന പദ്ധതി
text_fieldsപുൽപള്ളി: കബനി തീരത്ത് മരക്കടവിൽ ഒരു കോടിയോളം രൂപ ചെലവിൽ നിർമിച്ച പദ്ധതി കർഷകർക്ക് ഉപയോഗപ്പെടുന്നില്ലെന്ന് പരാതി. ജലസേചന ആവശ്യങ്ങൾക്കാണ് കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി കുളവും മോട്ടോർ പുരയും പൈപ്പ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഒരു വർഷത്തിലേറെയായി പദ്ധതി പ്രവർത്തനങ്ങൾ യാതൊന്നും നടന്നിട്ടില്ല. വൈദ്യുതി കണക്ഷനും പദ്ധതിക്ക് ലഭിച്ചിട്ടില്ല. നെൽകൃഷി സംരക്ഷണത്തിനായാണ് പദ്ധതി നടപ്പാക്കിയതെന്ന് കർഷകർ പറയുന്നു. പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി കർഷകർ നെൽകൃഷി നടത്തിയിരുന്നു.
ഒരു തുള്ളി വെള്ളം പോലും ഇതുവരെ എവിടെയും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവിരങ്ങൾ പ്രദേശവാസികൾക്കും അറിയില്ല. കബനി നദിയോട് ചേർന്നാണ് വെള്ളമെടുക്കുന്നതിനായി കുളം നിർമിച്ചത്. കുളത്തിനുള്ളിലെ മരത്തിന്റെ കുറ്റിപോലും നീക്കം ചെയ്യാതെയാണ് ഇത് നിർമിച്ചത്. മഴക്കാലത്തുപോലും കുളത്തിൽ വെള്ളമുണ്ടാകാറില്ല. ഇത്തരത്തിൽ ഒരു പദ്ധതി എന്തിനുവേണ്ടിയാണ് നിർമിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.