വെളുത്തുള്ളി കൃഷിയിൽ പ്രതീക്ഷയുമായി മറയൂരിലെ കർഷകർ
text_fieldsമറയൂർ: സീസണോടനുബന്ധിച്ച് പ്രദേശത്ത് വ്യാപകമായി കൃഷി ഇറക്കിയ മലപൂണ്ട് (വെളുത്തുള്ളി) കൃഷിയിലാണ് ഇപ്പോൾ കർഷകരുടെ പ്രതീക്ഷ. മലപൂണ്ട് കൃഷിക്ക് മറ്റു വിളകളെ അപേക്ഷിച്ച് ചെലവും പരിചരണ ജോലികളും കൂടുതലാണെങ്കിലും വിലയും വിളവും അനുകൂലമായാൽ കർഷകർക്ക് ഏറെ നേട്ടം ലഭിക്കും. സാധാരണയായി കാന്തല്ലൂർ, വട്ടവട മേഖലകളിൽ ഉൽപാദിപ്പിക്കുന്ന മലപൂണ്ട് ഗുണമേന്മ അധികമായതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. ഇതോടനുബന്ധിച്ച് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മലപൂണ്ടിന് ഭൗമ സൂചിക പദവി നൽകാനുള്ള പഠനവും പുരോഗമിക്കുകയാണ്.
പ്രദേശത്ത് കൃഷിയിറക്കുന്നതിനായുള്ള വെളുത്തുള്ളി വിത്ത് തമിഴ്നാട്ടിലെ വടുക്പെട്ടി, മേട്ടുപാളയം എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കാറ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണയും വിത്ത് എത്തിക്കുന്നതിനും മറ്റുമായി ചെലവും അധികമായിരുന്നു. 150 രൂപ മുതൽ 180 രൂപ വരെ ആയിരുന്നു ഒരു കിലോ വിത്തിെൻറ വില. നൂറ്റാണ്ടുകളായി പ്രദേശത്ത് കാലവർഷ ആരംഭത്തിൽ ലഭിക്കുന്ന മഴ പ്രതീക്ഷിച്ചാണ് വ്യാപകമായി വെളുത്തുള്ളി കൃഷി ചെയ്യാറ്.
കർഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഈ സീസണിലും വെളുത്തുള്ളി നട്ട് ദിവസങ്ങൾ കഴിയും മുേമ്പ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത് കൃത്യമായി മുളയ്ക്കുന്നതിനു സഹായകമായി. തുടർ ദിവസങ്ങളിലും അനുകൂലമായ കാലാവസ്ഥ ഉണ്ടാവുകയും വിളവെടുപ്പ് വേളയിൽ മതിയായ വിലയും ലഭിച്ചാൽ കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ലോക് ഡൗണിലും ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.