നാളികേര വില പിടിച്ചുനിർത്താൻ നടപടി; പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ വടക്കൻ മേഖലകളിൽ നാളികേരത്തിന് വിലയിടിവ് ഉണ്ടായ സാഹചര്യത്തിൽ ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുവാൻ തീരുമാനിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. നാളികേര വിലയിടിവിെൻറ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കിലോക്ക് 32 രൂപ പച്ചത്തേങ്ങക്ക് നിശ്ചയിച്ചിട്ടുണ്ട്. നാഫെഡ് മുഖേനെയുള്ള സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
കേരഫെഡ്, നാളികേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപവത്കരിച്ച പഞ്ചായത്ത് തല സമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഈ വർഷം മാർച്ചിൽ ക്വിൻറലിന് 14,000 രൂപയുണ്ടായിരുന്ന കൊപ്രയുടെ വില ഇപ്പോൾ 10,000 രൂപയാണ്. പച്ചത്തേങ്ങ വില 4200 രൂപയിൽനിന്ന് 2900 ആയി. വടക്കൻ കേരളത്തിലാണ് വിലയിടിവ് കൂടുതലുണ്ടായത്.
യോഗത്തിൽ കാർഷികോൽപാദന കമീഷണർ ടിങ്കു ബിസ്വാൾ ഐ.എ.എസ്, കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ അനില മാത്യു, കേരഫെഡ് മാനേജിങ് ഡയറക്ടർ ആർ. അശോക്, നാഫെഡ്, നാളികേര വികസന കോർപറേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.