പാൽ വില വർധന: ലാഭം കൊയ്യുന്നത് മിൽമ
text_fieldsപാലക്കാട്: ഡിസംബർ ഒന്നുമുതൽ പാൽ ലിറ്ററിന് ആറുരൂപ വർധിപ്പിച്ചെങ്കിലും ലാഭം കൊയ്യുന്നത് മിൽമ. വർധിപ്പിച്ച തുകയിൽ 5.02 രൂപ കർഷകന് നൽകുമെന്നാണ് വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞിരുന്നത്. എന്നാൽ വർധനവ് നടപ്പാക്കിയതോടെ ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത് ശരാശരി നാലു രൂപ മാത്രമാണ്. വർധിപ്പിച്ച വില നേരിട്ട് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടങ്കിലും പാലിലെ കൊഴുപ്പും പോഷകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് വില നൽകുന്നത്. പശുവിന്റെ ഇനം, കാലാവസ്ഥ, ആരോഗ്യം, പരിപാലനരീതി തുടങ്ങിയവ പാൽ നിലവാരത്തിന്റെ ഘടകങ്ങളാണ്.
9.7 കൊഴുപ്പും 10.4 എസ്.എൻ.എഫും ഉള്ള പാലിന് മാത്രമാണ് ഉയർന്ന വിലയായ 58.60 രൂപ ലഭിക്കുന്നത്. 8.3 പോഷകങ്ങളുള്ള പാലിന് നാലുരൂപയാണ് അധികം ലഭിക്കുന്നത്. കറവ വറ്റാറായ പാലിന് അഞ്ചുരൂപയാണ് കൂടുതൽ ലഭിക്കുന്നത്. അതേസമയം, വർധിപ്പിച്ച പാൽ വിലയിൽ ലിറ്ററിന് ഒന്നര രൂപയോളം മിൽമക്ക് ലഭിക്കുന്നുണ്ട്. പാൽ വില വർധിപ്പിച്ചതോടെ കാലിത്തീറ്റയിൽ ക്ഷീരകർഷകർക്ക് നൽകിയ സബ്സിഡി മിൽമ നിർത്തി. ഇതോടെ കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാല്‍ ഗുണം ലഭിക്കുന്നില്ലെന്ന് ക്ഷീരകര്‍ഷകര്‍ക്ക് പരാതിയുണ്ട്.
150 മുതല്‍ 250 രൂപ വരെയാണ് 50 കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികള്‍ കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീത്തീറ്റക്കും അനുബന്ധ ഉൽപന്നങ്ങൾക്കും നൽകേണ്ട ഗതികേടിലാണ് ക്ഷീരകര്‍ഷകർ. പരിഹാരമായി കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. ജില്ലയിൽ നെൽകൃഷി കഴിഞ്ഞാൽ ഏറ്റവും അധികം കർഷകർ ക്ഷീരമേഖലയിലാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പാൽ ഉൽപാദിപ്പിക്കുന്നതും ജില്ലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.