ഇടുക്കി ജില്ലയിൽ പാൽ ഉൽപാദനത്തിൽ ഇടിവ്
text_fieldsതൊടുപുഴ: ജില്ലയിൽ പാൽ ഉൽപാദനത്തിൽ കുറവ്. 2021ൽ ജില്ലയിൽ 1,70,000 ലിറ്റർ പാൽ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 1,65,000 ലിറ്ററാണ്. 2022ൽ 1,68,000 ലിറ്ററാണ് ലഭിച്ചത്. ജില്ലയിലെ ക്ഷീരസംഘങ്ങൾ വഴി മാത്രം ശേഖരിക്കുന്ന പാലിന്റെ കണക്കിലാണ് ഈ കുറവ്. ഓരോ വർഷത്തെയും കണക്കുകൾ പരിശോധിച്ചാൽ പാൽ കുറഞ്ഞുവരുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വർധനയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുംവിധം പാൽ വിലയിൽ വർധനയില്ലാത്തതും കാലിത്തീറ്റ ഉൾപ്പെടെയുള്ള സാമഗ്രികൾക്ക് അടിക്കടി വില വർധിക്കുന്നതും ക്ഷീര കർഷകർക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് പാൽ ഉൽപാദനത്തിലും കുറവുവന്നത്.
കന്നുകാലികളുടെ ഇൻഷുറൻസിന് പ്രീമിയം വർധിപ്പിച്ചതും ക്ഷീര കർഷകർക്ക് ഉണ്ടായിരുന്ന ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒരു ചാക്ക് (50 കിലോ) കാലിത്തീറ്റക്ക് 1550 രൂപ വരെ വില നൽകേണ്ട സാഹചര്യമാണ്. പാൽവില വർധനക്ക് ശേഷം കർഷകന് ലഭിക്കുന്ന ശരാശരി വില ലിറ്ററിന് 40 മുതൽ 44 രൂപ വരെയാണ്.
10 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് ഒരുനേരം നാലുകിലോ കാലിത്തീറ്റ നൽകണം. ഇതോടൊപ്പം സമീകൃത ആഹാരമായ കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു, കാത്സ്യംപൊടി ഉൾപ്പെടെ 250 രൂപയോളം ചെലവു വരുന്നുണ്ട്. ഇതിനിടെ രോഗം ഉണ്ടായാൽ ഡോക്ടറെ വീട്ടിൽ എത്തിച്ചുള്ള ചികിത്സക്ക് വൻ തുക മുടക്കേണ്ടി വരും. വേനൽ ആരംഭിച്ചതോടെ പച്ചപ്പുല്ലിന് ക്ഷാമം തുടങ്ങിയിട്ടുണ്ട്. കിലോക്ക് 11 രൂപ വരെയാണ് വില. പാലുൽപാദനത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. നിലവിൽ ക്ഷീരമേഖലയിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്ന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കഷ്ടപ്പാട് മാത്രമാണ് പലപ്പോഴും മിച്ചമെന്ന് കർഷകർ പറയുന്നു.
പ്രധാന വരുമാനം ജില്ലയിൽ ഒരുകാലത്ത് കൃഷിയായിരുന്നതിനാൽ പശു പാരിപാലനം ജീവിതത്തിന്റെ ഒരുഭാഗമായിരുന്നു. എന്നാൽ, രോഗങ്ങളും വരുമാനക്കുറവും കർഷകനെ ഇതിൽനിന്നെല്ലാം പിന്നോട്ടടിച്ചു. കൂടുതൽ പാൽ ലഭിച്ചിരുന്ന പശുക്കൾക്കെല്ലാം രോഗങ്ങൾ ബാധിച്ചത് ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ ഭൂരിഭാഗം കർഷകരും ക്ഷീരമേഖലയിൽനിന്ന് പിന്തിരിയുന്ന കാഴ്ചയും കണ്ടുവരുന്നു. മറ്റ് വസ്തുക്കളുടെ വില വർധനക്കനുസരിച്ച് പാൽവില കൂട്ടണമെന്നും കാലിത്തീറ്റക്ക് സബ്സിഡി വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.