ആർ. ഹേലി കേരള കാർഷിക മേഖലയുടെ ഗുരുസ്ഥാനീയൻ -മന്ത്രി സുനിൽ കുമാർ
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനായിരുന്നു പ്രഫ. ആർ. ഹേലിയെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. പ്രിയപ്പെട്ട ഹേലി സാറിന്‍റെ മരണവാർത്ത അതീവ വേദനയോടെയാണ് ശ്രവിച്ചത്.
കേരളത്തിന്‍റെ കാർഷിക മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രഫ. ആർ. ഹേലി, ശാസ്ത്രീയമായ കൃഷിരീതികൾ പ്രായോഗികവത്കരിച്ച് ജനകീയമാക്കിയ മഹത് വ്യക്തിത്വമാണ്. വി.വി. രാഘവൻ കൃഷി വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ഹേലി സാർ കൃഷി വകുപ്പിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പിഎച്ച്.ഡി ഇല്ലെങ്കിലും ജനങ്ങൾ ഡോക്ടറേറ്റ് കൊടുത്ത ഉദ്യോഗസ്ഥനാണ് ഹേലി സാർ എന്ന് വി.വി പറയുമായിരുന്നു. കൃഷി ഉദ്യോഗസ്ഥർക്ക് മാതൃകയാക്കേണ്ട വ്യക്തിയാണ് ഹേലി സാർ.
കേരളത്തിൽ ആദ്യമായി കൃഷി ഭവനുകൾ ആരംഭിക്കുന്നതിലും ഗ്രൂപ്പ് ഫാമിങ് സമ്പ്രദായം ജനകീയമാക്കുന്നതിലും വി.വി രാഘവനൊപ്പം ചേർന്ന് പ്രവർത്തിച്ച ഹേലി സാർ, കൃഷി വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോ ചലനാത്മകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ തസ്തിക സൃഷ്ടിച്ചതും അദ്ദേഹമാണ്.
ഹേലി സാറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ട്. 2016ൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി താൻ ചുമതലയേറ്റശേഷം കേരളത്തിന്‍റെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് പദ്ധതികൾ തയ്യാറാക്കുമ്പോഴെല്ലാം അദ്ദേഹം ഉപദേശ നിർദേശങ്ങൾ നൽകി ഒപ്പം നിന്നു. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്ന അദ്ദേഹം, ഒരു കാരണവരെപ്പോലെ സ്നേഹവാത്സല്യങ്ങൾ പകർന്നു നൽകിയ ഒരു കുടുംബാംഗം കൂടിയാണ്.
പ്രിയപ്പെട്ട ഹേലി സാറിന്‍റെ വേർപാടിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സന്തപ്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും മന്ത്രി സുനിൽ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.