കാലവർഷക്കെടുതി: 17 ദിവസം, 5.14 കോടി രൂപയുടെ കൃഷിനാശം
text_fieldsകോഴിക്കോട്: കാലവർഷക്കെടുതിയിൽ ജില്ലയിൽ വൻ കൃഷിനാശം. 17 ദിവസത്തിനുള്ളിൽ 5.14 കോടിയോളം രൂപയുടെ കൃഷിയാണ് നശിച്ചത്. അടുത്തകാലത്തൊന്നും കുറഞ്ഞദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ ഇത്രയും വലിയ കൃഷിനാശം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ജില്ല കാർഷിക വികസനക്ഷേമ വകുപ്പ് വിളനഷ്ടം സംഭവിച്ചതിന്റെ റിപ്പോർട്ട് തയാറാക്കി. കഴിഞ്ഞ ജൂൺ പത്തു മുതൽ 27 വരെയുള്ള ദിവസങ്ങളിലെ കൃഷിനാശത്തിന്റെ കണക്കുകളാണ് തയാറാക്കിയത്.
മലയോര മേഖലകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത്. 70.88 ഹെക്ടറിലെ വിവിധ കൃഷികളാണ് നശിച്ചത്. 1,436 കർഷകർക്ക് നഷ്ടമുണ്ടായതായുള്ള എഫ്.ഐ.ആർ റിപ്പോർട്ട് ആണ് തയാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് കുലച്ച വാഴകൾക്കാണ്.
527 കർഷകരുടെ 35.35 ഹെക്ടറിലുള്ള 75,125 വാഴകളാണ് നശിച്ചത്. 1.83 ഹെക്ടറിലെ 3,555 കുലക്കാത്ത വാഴകളും നശിച്ചു. 4.5 കോടിയിലധികം രൂപയുടെ നഷ്ടം വാഴക്ക് മാത്രം സംഭവിച്ചിട്ടുണ്ട്. അടുത്ത സീസണിൽ തദ്ദേശീയ കുലകൾക്ക് ക്ഷാമം നേരിടുമെന്നുറപ്പായി. അരക്കോടിയോളം രൂപയുടെ നഷ്ടമാണ് കേര കർഷകർക്ക് സംഭവിച്ചത്.
770 കായ്ച്ച തെങ്ങുകളും 51 കായ്ക്കാത്ത തെങ്ങുകളും നശിച്ചു. 0.30 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഞ്ചേകാൽ ലക്ഷത്തിന്റെ റബർകൃഷിക്കാണ് നാശം. ടാപ്പിങ് നടക്കുന്ന 256 മരങ്ങൾ കടപുഴകി.
കായ്ച്ച 1232 കവുങ്ങുകളും നൂറോളം കായ്ക്കാത്ത കവുങ്ങും കടപുഴകിയതായാണ് റിപ്പോർട്ട് ചെയ്തത്. കൊക്കോയും മരച്ചീനി കൃഷിയും ചെറിയതോതിൽ നശിച്ചതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.