മുഹമ്മദ് കാസർകോട് ജില്ലയിലെ മികച്ച കര്ഷകന്
text_fieldsകാസർകോട്: മൂന്ന് പതിറ്റാണ്ടിലേറെയായി കൃഷി ജീവിതചര്യയാണ് എരിയപ്പാടിയിലെ മുഹമ്മദിന്. പാട്ടത്തിനെടുത്ത ഏക്കര്‍ സ്ഥലത്ത് നിധിപോലെ സംരക്ഷിച്ചുവരുന്ന നെല്‍വിത്തുകളുപയോഗിച്ച് പൊന്നുവിളയിക്കും. ജൈവരീതിയില്‍ കൃഷിചെയ്തുവരുന്ന ഇദ്ദേഹത്തെ ജില്ലയിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തു.
കൊയ്ത്തുകഴിഞ്ഞാല്‍ പിന്നെ പച്ചക്കറിക്കാലമായി. പത്ത് വയസ്സില്‍ തുടങ്ങിയ കൃഷിപ്പണി 45ാം വയസ്സിലും നിറഞ്ഞ സംതൃപ്തിയോടെയാണ് മുഹമ്മദ് ചെയ്യുന്നത്. കുടുംബവും അധ്വാനത്തില്‍ പങ്കുചേരുന്നതോടെ അതൊരു കൂട്ടായ്മയുടെ വിജയമായി. രണ്ട് പശുക്കളുമുണ്ട്. ജൈവ കൃഷിരീതിയും നെല്ലിനമായാലും പച്ചക്കറികളായാലും പരമ്പരാഗതമായ നാടന്‍ ഇനങ്ങള്‍ സംരക്ഷിച്ച് കൃഷിചെയ്യുന്നതും മുഹമ്മദിന്റെ പ്രത്യേകതയാണ്. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഇപ്പോള്‍ പച്ചക്കറി കാലമാണ്. വിളവെടുപ്പിന് പാകമായ വെള്ളരിയും വിഷുവിപണി ലക്ഷ്യമാക്കി നട്ട വെള്ളരിയും കുമ്പളവും കക്കിരിയും വെണ്ടയുമാണ് പാടം നിറയെ. വെള്ളരി വള്ളികള്‍ക്കിടയിലൂടെ നാടന്‍ പയര്‍ വിളഞ്ഞുകിടക്കുന്നതും നിറയെ പൂവിട്ടുനില്‍ക്കുന്ന കുമ്പളവള്ളികള്ക്കിടയില് വിത്തിന് വെച്ചതും അല്ലാത്തതുമായ ചെഞ്ചീരയും അധ്വാനത്തിന്റെ അടയാളങ്ങളാണ്. ഫെബ്രുവരി 21ന് കലക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്.വീണാറാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.