മറയൂരിൽ വീണ്ടും മൾബറി കാലം
text_fieldsമറയൂർ: അഞ്ചുനാട് മേഖലകളായ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ മൾബറി കാലം മടങ്ങിയെത്തുന്നു. മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ കൂടുകയും ചെയ്ത സാഹചര്യത്തിലുമാണ് വീണ്ടും കൃഷിചെയ്യാൻ തുടങ്ങിയത്. കുറഞ്ഞ ചെലവിൽ ഏറെ ലാഭം നേടാവുന്ന കൃഷി എന്നതും മൾബറിക്ക് അനുകൂല ഘടകമാണ്.
1980ൽ അഞ്ചുനാട് മേഖലയിൽ മൾബറി വ്യാപകമായി കൃഷി ചെയ്തിരുന്നു. എന്നാൽ, വിപണന സാധ്യതകൾ കുറഞ്ഞതോടെ ഭൂരിഭാഗം പേരും കൃഷിയിൽനിന്ന് പിന്തിരിഞ്ഞു. എന്നാൽ, ഇപ്പോൾ മൾബറിക്ക് വിപണിയിൽ ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഈ മേഖലയിൽ പട്ടുനൂൽപുഴു കൃഷിയും വ്യാപകമായി ചെയ്തുവരുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന പട്ടുനൂൽ തമിഴ്നാട്ടിലാണ് വിപണനം നടത്തുന്നത്. പട്ടുനൂൽ പുഴുവിെൻറ പ്രധാന ആഹാരം മൾബറി ചെടിയുടെ ഇലയാണ്. ഏത് കാലാവസ്ഥയിലും വളരും എന്നതും സമതല പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ഒരുപോലെ കൃഷിചെയ്യാമെന്നതും മൾബറിയുടെ സവിശേഷതകളാണ്.
കുരങ്ങ്, മയിൽ തുടങ്ങിയ ജീവികൾ അഞ്ചുനാട് മേഖലയിലെ ഇതര കൃഷികൾക്ക് ഭീഷണിയാകുമ്പോൾ കുറഞ്ഞ മുതൽമുടക്കുകൊണ്ട് ചെയ്യാമെന്നത് മൾബറി കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നു. മൊറേസ്യ കുടുംബത്തിലെ അംഗമായ മൾബറിയുടെ ജന്മദേശം ചൈനയാണ്. ഇന്ത്യയിൽ മൈസൂരിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 150ഓളം ഇനം മൾബറി ഉണ്ടെങ്കിലും 10 മുതൽ 15 വരെ ഇനങ്ങൾ മാത്രമാണ് കൃഷിചെയ്യുന്നത്. മുറിച്ചെടുത്ത ആരോഗ്യമുള്ള മൾബറി കമ്പുകൾ കൂടകളിൽ നിറച്ച പ്രത്യേക മിശ്രിതത്തിൽ നടുകയാണ് ആദ്യംചെയ്യുന്നത്. വേരും തളിരിലകളും വരുന്നതോടെ മാറ്റിനടും. മറ്റു കൃഷികളെപോലെ വലിയ പരിചരണം മൾബറിക്ക് ആവശ്യമില്ല.
മൂന്നുവർഷംകൊണ്ട് ഫലം കിട്ടിത്തുടങ്ങും. വിളഞ്ഞ മൾബറി കായ്കൾക്ക് ചുവപ്പുകലർന്ന കറുപ്പുനിറമാണ്. ജൈവ കീടനാശിനികൊണ്ട് നിയന്ത്രിക്കാവുന്ന ഇലചുരുട്ടിപ്പുഴുവിെൻറ ആക്രമണം ഒഴിച്ചാൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ലാഭകരമായ കൃഷിയാണ് മൾബറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.