കൃഷിക്ക് ഇനി മള്‍ച്ചിങ് സ്റ്റൈൽ
text_fieldsജൈവാംശങ്ങള്‍ നഷ്ടപ്പെടാതെ കളകളെ ഒഴിവാക്കി നല്ല വിജയം നേടാൻ കഴിയുന്ന കൃഷിരീതിയാണ് മൾച്ചിങ്. ഷീറ്റിട്ട് തടം മൂടി ചെയ്യുന്ന രീതിയാണ് ഇതിൽ അവലംബിക്കുന്നത് എന്നതിനാൽ മണ്ണും വളവുമൊന്നും കൃഷി സ്ഥലത്തുനിന്ന് ഒലിച്ചുപോകില്ല. വിദേശ രാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലുമെല്ലാം നേരത്തേതന്നെ പരീക്ഷിച്ച് വിജയിച്ച കൃഷിരീതിയാണ് ഇത്. കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയിലും ഈ രീതി ഗുണംചെയ്യും. കൃഷി പരാജയപ്പെടാൻ വലിയ കാരണമായ ജലദൗർലബ്യവും മണ്ണിലെ ഈർപ്പമില്ലായ്മയും കളയുടെ വർധനയും ഒന്നും പ്രതിസന്ധി സൃഷ്ടിക്കാത്ത രീതിയാണിത്. തടത്തില്‍ ഷീറ്റുകള്‍ പുതപ്പിച്ച് ചെയ്യുന്ന കൃഷി രീതിയാണ് മള്‍ച്ചിങ്. നിരപ്പായ പറമ്പുകളിലും വെള്ളം കയറാത്ത വയലുകളിലും ഈ രീതി വഴി പച്ചക്കറിക്കൃഷിയില്‍ നിന്ന് വിളവും വരുമാനവും വര്‍ധിപ്പിക്കാം.
തടത്തിലെ മണ്ണിനെ പൂർണമായും ഷീറ്റില്‍ പൊതിയുകയാണ് ആദ്യഘട്ടം. അതുകൊണ്ട് കളകള്‍ ഒഴിവാകും. പുതിയ കളകൾ വരുകയുമില്ല. വെണ്ട, വഴുതിന, തക്കാളി, പച്ചമുളക്, പയര്‍, പടവലം തുടങ്ങി ഒരുവിധം പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാൻ സാധിക്കും. നിശ്ചിത വീതിയിലും നീളത്തിലും തടങ്ങളെടുത്ത് ഷീറ്റ് വിരിച്ച് ചെറുദ്വാരങ്ങളുണ്ടാക്കി വിത്തുകളും തൈകളും നടുകയാണ് ആദ്യഘട്ടം.
പരമാവധി വളങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തടം നിര്‍മിക്കേണ്ടത്. മണ്ണ് കൊത്തിയിളക്കി കല്ലും പാഴ്വസ്തുക്കളും നീക്കണം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ തടത്തില്‍ വിതറണം. പലതരം ഷീറ്റുകള്‍ മള്‍ച്ചിങ്ങിനായി ഇന്ന് കടകളിൽ ലഭ്യമാണ്. വേഗത്തില്‍ നശിച്ചുപോകാത്തത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തടം മുഴുവനായും കവര്‍ ചെയ്യുന്ന രീതിയില്‍ ഷീറ്റ് മുറിച്ച് പുതപ്പിക്കുകയാണ് ഇനി ചെയ്യുക. മൂന്ന് അടിയെങ്കിലും അകലം പാലിച്ചു വേണം തൈകൾ നടാന്‍. ഷീറ്റിലെ ദ്വാരം 15 സെന്റി മീറ്ററെങ്കിലും അളവിൽ മുറിക്കണം. ഡ്രിപ്പിങ് വഴിയാണ് ഈ രീതിയിലുള്ള കൃഷിയിൽ അധികവും വെള്ളം നൽകിവരാറ്. സാധാരണ നനയും അനുയോജ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.