'കൂണി'ൽ കൂളായ ജഷീറിന് പുരസ്കാര നിറവ്
text_fieldsമലപ്പുറം: എല്ലാവരും പോയ കൃഷിവഴികളിൽനിന്ന് മാറി നടന്നാണ് ഒതുക്കുങ്ങൽ കുളപ്പുരക്കൽ വീട്ടിൽ എ.കെ. ജഷീർ 10 വർഷം മുമ്പ് കൂൺ കൃഷിയിലേക്ക് പ്രതീക്ഷകൾ നട്ടു തുടങ്ങിയത്. പ്രതീക്ഷ പയ്യപ്പയ്യെ വളർന്നുതുടങ്ങിയപ്പോൾ കൂൺ കൃഷിയും വിജയപാതയിലേക്ക് പടർന്നുകയറി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിന്‍റെ കർഷക അവാർഡുകളിൽ മികച്ച കൂൺ കർഷകനുള്ള പുരസ്കാരം കൂടി തേടിയെത്തിയതോടെ 31കാരനായ ജഷീറിന്‍റെ കൃഷിരീതിക്കത് അംഗീകാരമായി. ഐ.ടി.ഐയിലാണ് പഠിച്ചതെങ്കിലും കാർഷിക കുടുംബത്തിൽ ജനിച്ചതിനാലും കൃഷിയോട് കൂടുതൽ താൽപര്യമുള്ളതിനാലും ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. നൂതന സാങ്കേതിക വിദ്യയും അനുഭവസമ്പത്തും സമന്വയിപ്പിച്ചാണ് കൃഷിരീതി. കൂൺകൃഷിയിലെ പൂപ്പൽ ബാധയെ ഹൈടെക് രീതിയിൽ ജൈവ മാർഗങ്ങൾ ഉപയോഗിച്ച് തടഞ്ഞുനിർത്തി. 2018ലെ പ്രളയത്തിൽ കൃഷി നശിച്ച് പ്രതിസന്ധിയിലായെങ്കിലും വീണ്ടും കൂടുതൽ ഉത്സാഹത്തോടെ ഉയർത്തിയെടുത്തു.
കോട്ടക്കൽ രണ്ടത്താണിയിലെ ഒരേക്കറോളമുള്ള ആധുനിക ഫാമിലാണ് കൂടുതൽ ഉൽപാദനം. കൊണ്ടോട്ടി, അടിവാരം എന്നിവിടങ്ങളിലും കൂൺ ഉൽപാദിപ്പിക്കുന്നുണ്ട്. ജലസേചന വകുപ്പിൽനിന്ന് വിരമിച്ച റിട്ട. ചീഫ് എൻജിനീയറും സുഹൃത്തുമായ കെ.എം. ഇസ്മായിൽ ആണ് കൃഷിക്ക് വേണ്ട സാങ്കേതിക സഹായവും മറ്റു പിന്തുണയും നൽകുന്നത്. ചിപ്പിക്കൂൺ, പാൽ കൂൺ തുടങ്ങിയ ഇനങ്ങളും വിത്തുകളും ഉൽപാദിപ്പിച്ച് കർഷകർക്കും സ്ഥാപനങ്ങൾക്കും കൈമാറുന്നു. വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും വിത്തുകളും കൃഷിപാഠങ്ങളും നൽകിവരുന്നുണ്ട്.
100 ശതമാനം ജൈവരീതിയിലാണ് കൃഷി ചെയ്യുന്നതെന്നും വരുംവർഷങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും പുതുമകൾ പരീക്ഷിക്കാനുമാണ് ലക്ഷ്യമെന്നും ജഷീർ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ അംഗീകാരം മുന്നോട്ടുള്ള യാത്രക്ക് കരുത്താണെന്നും കൃഷി വകുപ്പിന്‍റെ മികച്ച പിന്തുണ ഏറെ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഒതുക്കുങ്ങൽ നെട്ടാലുങ്ങൽ അമ്പലവാൻ കുളപ്പുരക്കൽ സെയ്തലവിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: മുഹമ്മദ് റാസി, ഫാത്തിമ റിസ്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.