വരണ്ട മണ്ണിലും ശീതകാല പച്ചക്കറി വിളയിച്ച് നാരായണൻ
text_fieldsമുട്ടം: വരണ്ട കാലാവസ്ഥയിലും ശീതകാല പച്ചക്കറി വിളയിച്ച് ശ്രദ്ധ നേടുകയാണ് മുട്ടം സ്വദേശി കളപ്പുരക്കൽ നാരായണൻ നായർ. കേരളത്തിൽ വയനാട്ടിലും ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ മേഖലകളിലും വളർത്തുന്ന കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി തുടങ്ങിയ ഇനങ്ങളാണ് മുട്ടത്ത് 50 സെന്റിൽ കൃഷി ചെയ്യുന്നത്.
ഇതിന് പുറമെ കക്കരിവെള്ളരി, പയർ, കൊമ്പൻ ചീനി, വഴുതന, തക്കാളി എന്നിവയും ഉണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലും മുട്ടത്തെ കൃഷി ഓഫിസും പിന്തുണയുമായുണ്ട്.
50 സെന്റ് സ്ഥലത്തെ കൃഷിക്ക് വേണ്ടിയുള്ള വിത്തും വളങ്ങളും മറ്റ് സഹായങ്ങളും നിർദേശങ്ങളും നൽകുന്നത് വി.എഫ്.പി.സി.കെയാണ്. കൃഷി ഓഫിസുമായി നല്ല അടുപ്പം പുലർത്തുന്ന 64 കാരനായ നാരായണൻ വിവിധ കൃഷി ചെയ്യുന്നുണ്ട്. ഇതാണ് കഠിനാധ്വാനിയായ നാരായണനെ തേടി വി.എഫ്.പി.സി.കെ എത്താൻ കാരണം. മുട്ടം വിജിലൻസ് ഓഫിസിന് സമീപമാണ് ശീതകാല പച്ചക്കറി തോട്ടം. ഒക്ടോബറോടെ ആരംഭിച്ച ശീതകാല പച്ചക്കറികൾ വിളവെടുത്ത് തുടങ്ങി.
കേട്ടറിഞ്ഞ് കൃഷിയിടത്തിലേക്ക് ആളുകൾ എത്തുന്നതിനാൽ മാർക്കറ്റിൽ കൊണ്ടുപോകേണ്ട സാഹചര്യമില്ല. കീടനാശിനി ഉപയോഗിക്കാത്ത ജൈവ പച്ചക്കറി ആയതിനാൽ നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
വരണ്ട മണ്ണ് ശീതകാല പച്ചക്കറി കൃഷിക്ക് വേണ്ടി പരുവപ്പെടുത്തിയത് ഏറെ പണിപ്പെട്ടാണ്. നിലം കിളച്ചൊരുക്കി കട്ടയുടച്ചശേഷം വെള്ളം നനച്ച് ഇഞ്ചിത്തടം പരുവത്തിലാക്കിയ ശേഷമാണ് തൈകൾ നടുന്നത്. ശേഷവും കൃത്യമായ ഇടവേളകളിൽ നനയും വളവും നൽകണം.
ചാണകം, കുമ്മായം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി നൽകുന്നത്. ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ലാഭമില്ലെങ്കിലും നാരായണന് പരിഭവമില്ല. വിത്തിന്റെ ലഭ്യതക്കുറവാണ് ശീതകാല പച്ചക്കറികൃഷിയുടെ ഒരു പ്രധാന പ്രശ്നം. വിത്തുല്പാദനത്തിന് കൂടുതല്‍ തണുപ്പ് ആവശ്യമായതിനാല്‍ കേരളത്തില്‍ ഇവയുടെ വിത്തുല്പാദനം സാധ്യമല്ല. വി.എഫ്.പി.സി.കെ എത്തിച്ച് നൽകുന്ന തൈ ഉപയോഗിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.