തേനുണ്ട, ഹൽവ, ഉണ്ട മധുരം, കൈത മധുരം,...; വരുന്നു, നാടുനിറയെ നാട്ടുമാന്തോപ്പുകൾ
text_fieldsതൃശൂർ: അന്തരിച്ച കവി സുഗതകുമാരിയുടെ സ്മരണക്ക് 'നൂറിനം നാട്ടുമാന്തോപ്പുകൾ' പദ്ധതി തുടങ്ങി. കേരളത്തിൽ അന്യമാവുന്ന നാട്ടുമാവുകളുടെ സംരക്ഷണത്തിനാണ് പദ്ധതി ആരംഭിച്ചത്. ഇതിെൻറ ഭാഗമായി പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടൻമാവിനങ്ങൾ സംരക്ഷിക്കും. ഉണ്ടകൽക്കണ്ടം, തയ്യിൽ ചോപ്പൻ, കണ്ണൻ, തേനുണ്ട, ഹൽവ, അക്കര ലഡ്ഡു, പെൻഗ്വിൻ, ജെല്ലി മാങ്ങ, മരുന്ന് മാങ്ങ, പച്ച മധുരം തുടങ്ങിയ 100 ഇനം മാവിനങ്ങളുടെ ഗ്രാഫ്റ്റിങ് പൂർത്തിയായി.
'നൂറിനം നാട്ടുമാന്തോപ്പുകൾ' പദ്ധതിയുടെയും 'സുഭിക്ഷം, സുരക്ഷിതം' കാർഷിക-പരിസ്ഥിതി അധിഷ്ഠിത വിളസൗഹൃദ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം തൃശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കോളജ് കാമ്പസിൽ മധുരക്കോട്ടി, ഉണ്ട മധുരം, കൈത മധുരം, വെള്ള കുളമ്പൻ, മഞ്ഞ തക്കാളി എന്നീ മാവിൻതൈകളാണ് ഉദ്ഘാടനത്തിെൻറ ഭാഗമായി നട്ടത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജൻ മുഖ്യാതിഥിയായിരുന്നു.
ലഭ്യമായ നൂറിനം നാട്ടുമാവുകളുടെ ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കൃഷിവകുപ്പ് ഫാമുകളിൽ ഉൽപാദിപ്പിച്ച് തൊട്ടടുത്ത പഞ്ചായത്തുകളിൽ നട്ടുപിടിപ്പിച്ച് കേരളത്തിലെ നാട്ടുമാവുകളുടെ ജീൻ ബാങ്ക് തയാറാക്കും. ഫലവർഗ വികസനപദ്ധതിയിൽ ഒരു കോടി രൂപയാണ് ഇതിന് വകയിരുത്തിയത്.ആദ്യഘട്ടത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. മാവിനങ്ങളുടെ ജനിതകശേഖരം നടത്താനും മറ്റും സഹായിച്ച മന്ത്രി കെ.കെ. ശൈലജയുടെ ഗൺമാൻ ഷൈജുവിന് മന്ത്രി പുരസ്കാരം നൽകി.
ജൈവകർഷകനായ കെ.ബി. സന്ദീപിന് ജൈവവള കിറ്റും കൈമാറി. കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ മധു ജോർജ് മത്തായി, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി, അഡീഷനൽ ഡയറക്ടർ കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.എസ്. മിനി, കോളജ് പ്രിൻസിപ്പൽ പി.വി. അംബിക തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.