കാലവർഷക്കെടുതി; കർഷകരുടെ നഷ്ടപരിഹാര തുക വൈകിക്കുന്നു
text_fieldsഇരിട്ടി: ആറളം കൃഷിഭവന്റെ പരിധിയിൽ വരുന്ന 147 കർഷകരുടെ നഷ്ടപരിഹാര തുക വൈകിക്കുന്നതായി പരാതി. 2021-23 കാലയളവിൽ കാലവർഷ കെടുതിയിൽ കൃഷിനശിച്ച കർഷകർക്കുള്ള ധനസഹായമായി ഗവ. അനുവദിച്ച തുകയാണ് വൈകുന്നത്. സംസ്ഥാന സർക്കാറിന്റെ നഷ്ടപരിഹാര വിഹിതം 1410212 രൂപയും കേന്ദ്ര വിഹിതം 229773 രൂപയും ചേർന്ന് 1639985 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
എന്നാൽ കർഷകന്റെ അക്കൗണ്ടിൽ ഇനിയും പണം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനശിച്ച് വരുമാനം ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് താൽക്കാലിക ആശ്വാസം എന്നനിലയിൽ ഉപകരിക്കുന്ന തുകയാണ് വിതരണം വൈകുന്നത്. കടക്കെണിയിൽ അകപ്പെടുന്ന കർഷകർ ഒരു നിവൃത്തിയും ഇല്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും നഷ്ടപരിഹാര തുക വൈകിപ്പിക്കുകയാണ്.
2022ൽ എടൂരിലെ ഞണ്ടുംകണ്ണി, തോട്ടംകവല, ഏചില്ലം മേഖലയിലാണ് ചുഴലിക്കാറ്റിൽ കനത്ത കൃഷിനാശം സംഭവിച്ചത്. ഇവിടത്തെ 25ഓളം വരുന്ന കർഷകരുടെ ഏക്കറുകളോളം റബർ മരങ്ങളും മറ്റ് കൃഷികളും നശിച്ചിരുന്നു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോസിനും കുടുംബത്തിനും അഞ്ച് ഏക്കറിന് മുകളിൽ കൃഷിയാണ് നശിച്ചിരുന്നത്.
നഷ്ടപരിഹാരത്തിനായി നിരന്തരം കൃഷി ഓഫിസ് കയറിയിറങ്ങിയതിന്റെ ഫലമായി 147 കർഷകരുടെ ധനസഹായ തുകയായാണ് 1639985 രൂപ അനുവദിച്ചതായി രേഖകളിൽ പറയുന്നത്. കർഷകന് സംഭവിച്ച യഥാർഥ നഷ്ടത്തിന്റെ നാലിൽ ഒന്ന് പോലും ഇത് വരില്ലെങ്കിലും അനുവദിച്ച തുക പോലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരാത്തതിന്റെ അമർഷത്തിലാണ് കർഷകർ. തുടർന്ന് നവകേരള സദസ്സിൽ അടക്കം പരാതി നൽകി കാത്തിരിക്കുകയാണ് കർഷകർ.
ആൽബർട്ടിന്റെ മരണം കർഷക ആത്മഹത്യ -കിഫ
പേരാവൂർ: കൊളക്കാടിലെ ആൽബർട്ടിന്റെ മരണം കർഷക കടബാധ്യത മൂലം തന്നെയെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. ആത്മഹത്യക്ക് അടിസ്ഥാന കാരണം 28ന് മുമ്പ് ലോൺ തിരിച്ചടക്കണമെന്ന പേരാവൂർ കേരള ബാങ്കിന്റെ നോട്ടീസാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതേ തുടർന്ന് പണം സ്വരൂപിക്കാനായി നടത്തിയ പരിശ്രമങ്ങൾ ഫലം കാണാതെ വന്നതിലുള്ള മാനസിക വ്യഥയും നിരാശയും മൂലം കർഷകൻ ജീവനൊടുക്കുകയായിരുന്നു. പെൻഷൻ മുടങ്ങിയ സാഹചര്യവും അദ്ദേഹം തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ലോണിനായി കർഷകൻ ബാങ്കുകളെ ആശ്രയിക്കുന്നത് കാർഷിക വിളകളിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചും അതിലൂടെ ലോൺ തിരിച്ചടക്കാമെന്ന കണക്കുകൂട്ടലിലുമാണ്. എന്നാൽ വന്യമൃഗശല്യവും ഉൽപാദന തകർച്ച നേരിട്ടും, വിലത്തകർച്ച മൂലവും പ്രതീക്ഷകൾ തകിടം മറിയുമ്പോൾ ലോൺ തിരിച്ചടവ് മുടങ്ങുന്നുവെന്നും ജില്ല പ്രസിഡന്റ് പ്രിൻസ് ദേവസ്യ, സെക്രട്ടറി റോബിൻ എം.ജെ. എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.