പശുക്കളുടെ ഏമ്പക്കത്തിന് നികുതിയേർപ്പെടുത്താൻ ന്യൂസിലാൻഡ്
text_fieldsവെല്ലിങ്ടൺ: പശുക്കളുടെ ഏമ്പക്കത്തിന് നികുതിയേർപ്പെടുത്താൻ നീക്കവുമായി ന്യൂസിലാൻഡ്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നീക്കം. 2025ഓടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കുന്നത്.
ലോകത്ത് കൃഷിയിലൂടെയുള്ള മീഥെയ്ൻ പുറന്തള്ളലിന്‍റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്ന് പഠനങ്ങളുണ്ടായിരുന്നു. പശുക്കളുടെ ഏമ്പക്കത്തിലൂടെയും മൂത്രത്തിലൂടെയും ചാണകത്തിലൂടെയുമാണ് ഹരിതഗൃഹ വാതകമായ മീഥെയ്ൻ പുറന്തള്ളപ്പെടുന്നത്.
ന്യൂസിലാൻഡിൽ ആകെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ പകുതിയും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. സർക്കാർ പശുക്കൾക്ക് ചുമത്തുന്ന നികുതിയിലൂടെ ലഭിക്കുന്ന പണം പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചും ഗവേഷണങ്ങൾ നടത്തിയും ഇൻസെന്‍റീവ് നൽകിയും കാർഷിക മേഖലയിലേക്ക് തന്നെ തിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു.
എത്ര തുകയാണ് നികുതിയായി ചുമത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാൽ, കൂടുതൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിലൂടെ കർഷകർക്ക് ഈ തുക തിരിച്ചുപിടിക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ കാർഷിക മേഖലയിലെ വാതക പുറന്തള്ളൽ കുറയ്ക്കാൻ നടപടിയെടുക്കുന്ന ആദ്യ ആളുകളായി മാറും ന്യൂസിലാൻഡിലെ കർഷകരെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പശുക്കൾക്ക് ഏമ്പക്ക നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് പശുക്കളെ വിറ്റൊഴിയേണ്ടിവരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസിലാൻഡിന്‍റെ സാമ്പത്തിക മേഖലയിൽ ക്ഷീരമേഖലക്ക് ഏറെ പ്രാധാന്യമാണുള്ളത്. ക്ഷീര ഉൽപ്പന്നങ്ങൾ രാജ്യത്തിന് ഏറെ വരുമാനം നേടിക്കൊടുക്കുന്ന കയറ്റുമതി ഇനമാണ്. 50.08 ലക്ഷമാണ് ന്യൂസിലാൻഡിലെ ജനസംഖ്യ. എന്നാൽ, കന്നുകാലികളുടെ എണ്ണം ഒരു കോടിയിലേറെ വരും. 2.6 കോടി ചെമ്മരിയാടുകളും രാജ്യത്തുണ്ടെന്നാണ് കണക്ക്.
2050ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിച്ച് കാർബൺ ന്യൂട്രലാകുമെന്നാണ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള പുറന്തള്ളൽ കുറക്കൽ രാജ്യത്തിന് പ്രാധാന്യമേറിയതാണ്. കാർഷിക മേഖലയിലെ മീഥേയ്ൻ പുറന്തള്ളൽ 2030ഓടെ 10 ശതമാനം കുറക്കാനും 2050ഓടെ 47 ശതമാനം കുറക്കാനുമാണ് ന്യൂസിലാൻഡ് ഉദ്ദേശിക്കുന്നത്.
ലോകത്ത് സംഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ 9.6 ശതമാനവും കാർഷിക പ്രവർത്തനങ്ങൾ മൂലമാണെന്നാണ് യു.എസിന്റെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നത്. മീഥെയ്ൻ പുറന്തള്ളലിന്‍റെ ആകെയുള്ളതിൽ 36 ശതമാനവും സംഭവിക്കുന്നത് കന്നുകാലി ഫാമുകൾ, പശു വളർത്തൽ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നാണ്. ലോകമെമ്പാടും 140 കോടി പശുക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയിൽ ഓരോന്നും ചാണകം, ഗോമൂത്രം, ഏമ്പക്കം എന്നിവ വഴി ദിവസം തോറും 500 ലിറ്റർ മീഥെയ്ൻ അന്തരീക്ഷത്തിലേക്കു പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.