മുള്ളൻകൊല്ലിയിൽ കാർഷിക ഉന്നമനത്തിന് 'നിക്ര' പദ്ധതി
text_fieldsപുൽപള്ളി: കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി നാഷനൽ ഇനീഷ്യേറ്റിവ് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) പദ്ധതി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ ആരംഭിച്ചു. കേന്ദ്ര പദ്ധതിയായ നിക്ര സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊളവള്ളിയിൽ തെരഞ്ഞെടുത്ത കർഷകർക്ക് കാർഷിക ഉപകരണങ്ങൾ, കീടനിയന്ത്രണോപാധികൾ എന്നിവ വിതരണം ചെയ്യും. മഴയുടെ അളവ് അറിയുന്നതിനായി പാടശേഖര പരിസരത്ത് മഴമാപിനി സ്ഥാപിച്ചു. ജല ലഭ്യതയുടെ അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ആദ്യപടിയാണിത്. പ്രദേശത്ത് വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള ചെറുധാന്യങ്ങളുടെയും പയറിനങ്ങളുടെയും കാലിത്തീറ്റവിളകളുടെയും കൃഷിരീതി പ്രചരിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങളും പ്രദർശനങ്ങളും നടത്തും.
ആദ്യഘട്ടത്തിൽ കൊളവള്ളി പാടശേഖരത്തിൽ 20 ഹെക്ടർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ, ജൈവരോഗ നിയന്ത്രേണാപാധിയായ സ്യൂഡോമോണാസ് എന്നിവ തളിച്ചു. മൃഗസംരക്ഷണ പരിപാടികളുടെ ഭാഗമായി നവംബർ 22ന് അനിമൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കും.
അന്നേദിവസം തന്നെ പദ്ധതിയിൽ ഉൾപ്പെട്ട 100 കർഷകരുടെ തോട്ടത്തിൽ നിന്നും മണ്ണ് സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ വളപ്രയോഗ നിർദേശങ്ങൾ ലഭ്യമാക്കും.
ജില്ല കൃഷി വിജ്ഞാനകേന്ദ്രം, മുള്ളൻകൊല്ലി കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, മണ്ണ് സംരക്ഷണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.