കൃഷി നനക്കാൻ പ്രോപ്ലാന്റർ സാങ്കേതിക വിദ്യയുമായി നിറവ് വേങ്ങേരി യുവകർഷകർ
text_fieldsവേങ്ങേരി: ദിവസേന ചെടിക്ക് വെള്ളമൊഴിച്ചില്ലെങ്കിൽ വാടുമെന്ന തലവേദന ഒഴിവാക്കാൻ പ്രോപ്ലാന്റർ സാങ്കേതിക വിദ്യയുമായി നിറവ് വേങ്ങേരി യുവകർഷകർ.
ഒന്നോ രണ്ടോ ദിവസം കുടുംബസമേതം വീടുവിട്ടുനിന്നാൽ കൃഷിയും ചെടിയും ഉണങ്ങിപ്പോകുമെന്ന് ഓർത്ത് വീട്ടുകാർ വിഷമിക്കുന്നത് അസ്ഥാനത്താക്കിയാണ് രണ്ടാഴ്ചയോളം നനക്കാനുള്ള പ്രോ പ്ലാന്റർ പദ്ധതിക്ക് രൂപംനൽകിയത്. വളം നിറച്ച് തൈകൾ നട്ട ചട്ടികളിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ മൊബൈൽ ഫോണിലൂടെ പ്രോ പ്ലാന്റർ സിസ്റ്റം വഴി ചെടികൾക്ക് ഉടമസ്ഥന്റെയോ മറ്റാരുടെയോ സാന്നിധ്യമില്ലാതെ നനക്കാൻ കഴിയുന്നതിനുപുറമെ ചെടിയുടെ വളർച്ച പരിപാലിക്കാനും കഴിയുന്നു.
ശാസ്ത്ര സാങ്കേതികവിദ്യയെ പരിചയപ്പെടുത്തി ഗുണഭോക്താക്കളായി മാറ്റാനുള്ള നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ യുവസംരംഭത്തിന് 3.28 ലക്ഷം നബാർഡ് ഗ്രാന്റ് ആയി അനുവദിച്ചു. നാമമാത്രമായ ചെലവുകൊണ്ട് കൃഷിനന സാധ്യമാക്കാമെന്നതാണ് പുതിയ സാങ്കേതിക വിദ്യ.
കൃഷിയിടത്തിലെ സാങ്കേതികവിദ്യകൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച 20 കർഷകരിൽപെട്ട നിറവിന്റെ യുവകർഷകനും ഇലക്ട്രിക്കൽ ആൻഡ് ഇലട്രോണിക്സ് എൻജിനീയറുമായ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രോ പ്ലാന്റർ പദ്ധതിക്കുപിറകിൽ. പ്രോവിഡൻസ് വിമൻസ് കോളജിൽ പ്രവർത്തിച്ചുവരുന്ന സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ സെല്ലിലെ അംഗങ്ങളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയിലെ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.