രുചിയും വൈവിധ്യവുമായി നിഷാന്തിന്റെ കദളീവനം
text_fieldsമീനങ്ങാടി: രുചികളുടെ കാര്യത്തിൽ കേമനാണ് വാഴപ്പഴം. പഴം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. എന്നാൽ, പൊതുവെ വളരെ കുറഞ്ഞ വൈവിധ്യത്തിലുള്ള പഴങ്ങൾ മാത്രമാണ് ഭൂരിപക്ഷവും കണ്ടിട്ടും തിന്നിട്ടുമുള്ളത്.
മാനന്തവാടി പെരുവക കൃഷ്ണ നിവാസിലെ നിഷാന്തിന്റെ വാഴത്തോപ്പിൽ എത്തിയാൽ പഴങ്ങളുടെ വൈവിധ്യമാർന്ന കലവറ തന്നെയാണ് കാഴ്ചക്കാർക്കു മുന്നിൽ ഒരുക്കിയത്. 250 തരത്തിലുള്ള വാഴകളാണ് നിഷാന്തിന്റെ തോട്ടത്തിലുള്ളത്. സൂര്യ കദളി, ദൂദ് സാഗർ, പെന്തോ രാജ്, അമൃത ഗംഗ, രസത്താളി, ഉദയം, യങ്ങാമ്പി, ചിനിയ, പെരുംപടലി, ബുലയ, കാഞ്ചികേല, കൃഷ്ണ പടത്തി, സാബ, പൂജ കദളി, മൊന്തൻ, കാർഡാബ, ബണ്ടാല, നാം വാ കോം, അമൃത സാഗർ, വീരുപാക്ഷി, ക്രാബ്, പടലിമുംഗലി, ചുണ്ടില്ല കണ്ണൻ, ബ്ലൂജാവ, മൈസൂർ ഏത്തൻ, കൊന്താളി, സുഗന്ധി, ഫിയ 21, ഹസാരി, നരേത് ലു ബോന്ത, ഇംഗ്ലീഷ് പൂവൻ, ആനക്കൊമ്പൻ, കുന്നൻ, പനവാഴ, കർപ്പൂരവള്ളി, പൂങ്കള്ളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന രാജ്യത്തിനു പുറത്തും അകത്തുമുള്ള വാഴകളാണ് തോട്ടം നിറയെ ഉള്ളത്. ക്രാബ് -തായ്ലൻഡ്, നാം വാ കോം -മലേഷ്യ, ദൂദ് സാഗർ -ഗോവ, യങ്ങിമ്പി -ആഫ്രിക്ക, ഫിയ -നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ്. നിരവിൽപുഴ കോറോത്തുള്ള ഒന്നരയേക്കർ സ്ഥലത്താണ് വാഴത്തോട്ടം ഒരുക്കിയിട്ടുള്ളത്.
കൽപറ്റ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹെഡ് ക്ലർക്കായ നിഷാന്ത് ജോലി കഴിഞ്ഞുള്ള സമയം മുഴുവൻ കൃഷി പരിപാലനത്തിനായി മാറ്റിവെക്കും. ചെറുപ്പത്തിൽ വാഴക്കന്നുകൾ നടാനും മറ്റും സ്ഥിരമായി മുത്തശ്ശി കൊച്ചു നിഷാദിന്റെ സഹായം തേടുമായിരുന്നു. മുത്തശ്ശി വാഴകളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും കണ്ടു വളർന്ന നിഷാന്തിന്റെ മനസ്സിലും വാഴപ്രേമം മൊട്ടിട്ടു.
30 വർഷമായി 49കാരനായ നിഷാന്ത് വാഴയുടെ വൈവിധ്യങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ആവശ്യക്കാർക്ക് കന്നുകൾ നൽകുകയും ചെയ്യുന്നുണ്ട്. ബന്ധുവീടുകൾ, സുഹൃത്തുകൾ, സമൂഹ മാധ്യമങ്ങൾ എന്നീ വഴികളിലൂടെയാണ് വാഴയുടെ വിത്ത് ശേഖരണം. 90 ശതമാനം ജൈവവളം ഉപയോഗിച്ചാണ് കൃഷിരീതി. എല്ലാം കൃഷിയും നിഷാന്ത് സ്വന്തമായാണ് ചെയ്യുന്നത്.
സഹായത്തിന് ഭാര്യ രതികലയും എൻജിനീയറിങ് വിദ്യാർഥിയായ മകൻ സുജ്യോതും കൂടെയുണ്ട്. കേരള കാർഷിക സർവകലാശാല ജൈവവൈവിധ്യ സംരക്ഷകനുള്ള അവാർഡും നിഷാന്തിനെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.