കൃഷി ഓഫിസർമാരില്ല; കാർഷിക പദ്ധതി നിർവഹണം അവതാളത്തിൽ
text_fieldsപട്ടാമ്പി: കൃഷി ഓഫിസർമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നതോടെ ബ്ലോക്കിലെ ആറോളം തദ്ദേശ സ്ഥാപനങ്ങളിലെ കാർഷിക പദ്ധതി നിർവഹണം അവതാളത്തിലാക്കുമെന്ന് ആശങ്ക.
കുലുക്കല്ലൂരിലും വിളയൂരിലും മാത്രമാണിപ്പോൾ മുഴുവൻ സമയ കൃഷി ഓഫിസർമാരുള്ളത്. മുതുതലയിലും പരുതൂരിലും കൃഷി ഓഫിസർമാരില്ലെന്നു മാത്രമല്ല അവരുടെ അഭാവത്തിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കൃഷി അസിസ്റ്റൻറുമാരും ഇല്ലെന്നത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഓങ്ങല്ലൂരിലെയും കൊപ്പത്തെയും പരുതൂരിലെയും കൃഷി ഓഫിസർമാർക്ക് കഴിഞ്ഞ ദിവസം സ്ഥലംമാറ്റവുമായി.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിർവഹണ ഘട്ടത്തിൽ കൃഷി ഓഫിസർമാർക്ക് നിർണായക ചുമതലയുണ്ട്.
നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിരിക്കുകയാണ്. കൃഷി ഓഫിസർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയാകട്ടെ ഇതുവരെ നടന്നിട്ടുമില്ല. പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി വേണം പുതിയ നിയമനം നടത്താൻ. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന കൃഷി ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനം നൽകാനാണ് നീക്കം.
എന്നാൽ, ആറുമാസ കാലാവധിയിലാണ് താൽക്കാലിക നിയമനം. കാര്യങ്ങൾ പഠിച്ചു വരുമ്പോഴേക്കും താൽക്കാലിക ഉദ്യോഗസ്ഥരുടെ നിയമന കാലാവധി തീരും. രണ്ടാം വിളയും പദ്ധതി നിർവഹണവും തകൃതിയായി നടക്കുന്ന സാഹചര്യത്തിൽ കൃഷി ഓഫിസർമാരുടെയും അസിസ്റ്റൻറുമാരുടെയും അഭാവത്തിൽ നട്ടംതിരിയുകയാണ് പഞ്ചായത്ത് ഭരണ സമിതികൾ. പട്ടാമ്പി മുനിസിപ്പാലിറ്റി, തിരുവേഗപ്പുറ, മുതുതല, ഓങ്ങല്ലൂർ, കൊപ്പം, പരുതൂർ എന്നിവിടങ്ങളിലാണിപ്പോൾ കൃഷി ഓഫിസർമാരില്ലാത്തത്. കുലുക്കല്ലൂർ കൃഷി ഓഫിസറുടെ ചുമതലയിലാണ് ഇപ്പോൾ പട്ടാമ്പിയിൽ കാര്യങ്ങൾ നടക്കുന്നത്. തിരുവേഗപ്പുറ, മുതുതല, പട്ടാമ്പി കൃഷി ഭവനുകളുടെ അധിക ചുമതല കൊപ്പം, പരുതൂർ, കുലുക്കല്ലൂർ കൃഷി ഓഫിസർമാർക്കാണ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ ഓഫിസുകൾ അടച്ചിടേണ്ട അവസ്ഥ വന്നാൽ കാർഷിക പദ്ധതികൾ തകിടം മറിയുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.