വിലയില്ല; റബർ കർഷകർ പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: വിലയിടിവിനെത്തുടർന്ന് റബർ കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ ഏതാനും മാസം മുമ്പുവരെ 170 രൂപയായിരുന്ന റബർ വില ഇപ്പോൾ 145 വരെയായി താഴ്ന്നു. തുടർച്ചയായ വിലയിടിവിനെത്തുടർന്ന് ഭൂരിഭാഗം കർഷകരും റബർ കൃഷിയിൽനിന്ന് പിൻവലിയുകയാണ്. സംസ്ഥാനത്ത് റബർ കൃഷി ഏറെയുള്ള ജില്ലയാണിത്. റാന്നി, മല്ലപ്പള്ളി, കോന്നി, ചിറ്റാർ, കലഞ്ഞൂർ, കൊടുമൺ മേഖലകളിൽ നൂറുകണക്കിന് റബർ കർഷകരുണ്ട്.
ചെറുതും വലുതുമായ നിരവധി തോട്ടങ്ങളുമുണ്ട്. കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നും നഷ്ടക്കണക്ക് മാത്രമാണ് പറയാനുള്ളതെന്നുമാണ് കർഷകർ പറയുന്നത്. ഒരു കിലോ ഷീറ്റിന് 250 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.
ഒട്ടുപാലിന് 110 രൂപയായിരുന്നത് നൂറിൽ താഴെയാണിപ്പോൾ. വിലയിടിവിനെത്തുടർന്ന് ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍പോലും ബുദ്ധിമുട്ടുകയാണ് മിക്കവരും. റബർമേഖലയിലെ സ്തംഭനാവസ്ഥ കാരണം വ്യാപാരമേഖലയും തകരുകയാണ്. മിക്ക കടകളിലും കച്ചവടം തീരെ കുറവാണ്.
നാട്ടിൻപുറങ്ങളിലെ റബർ വ്യാപാര സ്ഥാപനങ്ങൾ പലതും പൂട്ടി. ടാപ്പിങ് മേഖലയിലും ജോലിക്കാരെ കിട്ടാനില്ല. വിലയിടിവുമൂലം കടക്കെണിയിലായ റബർ കർഷകർക്ക് ഇരുട്ടടിയായി ആസിഡിന്റെ വിലയും വർധിച്ചിട്ടുണ്ട്. ഇരട്ടിയോളം രൂപയാണ് അടുത്തിടെ കൂട്ടിയത്. ആസിഡിന്റെ അഞ്ചുകിലോ ജാറിന് 650 രൂപയായിരുന്നു വില. ഇപ്പോഴത് 1200 രൂപയാണ്. രാസവളങ്ങൾക്കും ഇതുപോലെ വില വർധിക്കുകയാണ്.കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് ആസിഡിന്റെയും രാസവളങ്ങളുടെയും വിലനിയന്ത്രണ സംവിധാനം.
ടാപ്പിങ്ങിനുശേഷം സംഭരിക്കുന്ന റബർപാൽ ഉറ കൂട്ടി ഷീറ്റ് ആക്കാനാണ് ഫോർമിക് ആസിഡ് ഉപയോഗിക്കുന്നത്. വൃത്തിയായി പുകപ്പുരയിൽ ഉണക്കിയെടുക്കുന്ന ആർ.എസ്.എസ്- 4 ഷീറ്റിനാണ് ആവശ്യം കൂടുതലുള്ളത്. ഇതിന് അൽപം വിലയും കൂടുതൽ ലഭിക്കും.വാഹനങ്ങളുടെ ടയർ പോലെയുള്ള ഉൽപന്നങ്ങൾക്ക് ഉപയോഗിക്കുന്നത് ഇത്തരം റബറാണ്. ഉൽപാദനച്ചെലവും വിലയും തട്ടിച്ചാൽ കാര്യമായ വരുമാനമൊന്നും കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നില്ല. നഷ്ടമായ നിരവധി തോട്ടങ്ങളാണ് ജില്ലയിൽ ടാപ്പിങ് നടത്താതെ കാടുകയറി വെറുതെയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.