പുന്നശ്ശേരി വിളയിച്ചെടുത്തു; വിഷരഹിത പച്ചക്കറികള്‍
text_fieldsനേമം: ഓണസദ്യയൊരുക്കാന്‍ പച്ചക്കറികള്‍ക്ക് നാട്ടിലെ ചന്തകള്തോറും കയറിയിറേങ്ങണ്ട. വിഷമില്ലാത്ത നല്ലൊന്നാന്തരം നാടന്‍ പച്ചക്കറികള്‍ പുന്നശ്ശേരിയിലെ ചങ്ങാതിക്കൂട്ടം നിങ്ങള്‍ക്കായി വിളയിച്ചിട്ടുണ്ട്. പാവലും പടവലവും വെള്ളരിയും വെണ്ടയും സലാഡ് വെള്ളരിയും പയറുമൊക്കെ വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങി അടുക്കളയിലെത്തിക്കാം. വിളപ്പില്‍ശാല പുന്നശ്ശേരി സ്വദേശികളായ രാജ്ഭവനില്‍ തങ്കന് (55), ശരണ്യാലയത്തില്‍ രഘുനാഥന് (62), സിമി ഭവനില്‍ മഹേശന് (59), അജി നിവാസില്‍ പൗലോസ് (58) എന്നിവരാണ് വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ പാട്ടത്തിന് ഭൂമിയെടുത്ത് വെവ്വേറെ കൃഷിയിറക്കുകയാണ്. ഇത്തവണ ഓണവിപണി ലക്ഷ്യമാക്കി ഇവര്‍ നാലുപേരും ഒരുമിച്ചുചേര്‍ന്ന് പുന്നശേരിയില്‍ തരിശായി കിടന്ന 50 സെന്റ് പാട്ടത്തിനെടുത്ത് പച്ചക്കറികൃഷി ചെയ്യുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ലഭിച്ചത് നൂറുമേനിവിളവ്. ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ വിപണി ഇല്ലെന്ന പരാതി ഇവര്‍ക്കില്ല. കൃഷിയിടത്തില്‍ നേരിട്ടെത്തുന്നവര്‍ക്ക്, വിളപ്പില്‍ശാല ജങ്ഷനില്‍ ഇവരൊരുക്കിയ സന്ധ്യാവിപണി, പഞ്ചായത്തിന്റെ ഓണച്ചന്ത എന്നിവയിലൂടെ ഇവര്‍ പച്ചക്കറികള്‍ വിറ്റഴിക്കുന്നു. കൃഷിയുടെ നഷ്ടക്കണക്ക് നിരത്തുന്നവരോട് ഈ ചങ്ങാതിക്കൂട്ടം ആണയിട്ട് പറയുന്നു... 'പിന്നോട്ടില്ല, ഞങ്ങള്‍ കൃഷി തുടരുകതന്നെ ചെയ്യും'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.