ജാതി കർഷകർക്കിത് നല്ലകാലം; ജാതിക്കായ്ക്കും ജാതിപത്രിക്കും റെക്കോഡ് വില
text_fieldsപുൽപള്ളി: ജാതി കർഷകർക്കിത് നല്ലകാലം. കുറേ വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ജാതിപത്രിക്ക് കിലോക്ക് 1900 രൂപയും ജാതിക്കായ്ക്ക് 350 രൂപയുമായി വില ഉയർന്നിരിക്കുന്നത്. കോവിഡിനെത്തുടർന്ന് രണ്ട് വർഷമായി വില കുത്തനെ താഴ്ന്നിരുന്നു. വടക്കേ ഇന്ത്യയിലടക്കം ജാതിക്കയുടെ ഡിമാൻഡ് കൂടിയതാണ് വിലവർധനക്ക് പ്രധാന കാരണം.
ഏതാനും വർഷങ്ങളായി ജാതിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് പ്രധാനമായും ജാതിക്കായ് പോകുന്നത്.
ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു പ്രധാനമായും കയറ്റുമതി. വിദേശ, ആഭ്യന്തര വിപണികളിൽ ഡിമാൻഡ് കുറഞ്ഞത് വില കുത്തനെ താഴ്ത്തി. വയനാട്ടിൽ കാര്യമായി ജാതികൃഷി മുമ്പൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ മറ്റ് കൃഷികളുടെ തകർച്ചയാൽ പലരും ജാതി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഒരു ചെടിയിൽ നിന്ന് നിരവധി വർഷം വിളവെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മുമ്പൊന്നും വയനാട്ടിൽ ജാതിക്കായ്ക്ക് വിപണന സൗകര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ പുറം ജില്ലകളിൽ നിന്നുള്ളവർപോലും കർഷകരിൽ നിന്ന് ജാതിക്കായും ജാതിപത്രിയും സ്വീകരിക്കാനായെത്തുന്നുണ്ട്.
ജില്ലയിലെ മലഞ്ചരക്ക് കടകളിലും ജാതിയും ജാതിപത്രിയും ഇപ്പോൾ എടുക്കുന്നുണ്ട്. ലാഭകരമാകുന്നതിനാൽ മറ്റു കൃഷികൾക്കൊപ്പം തന്നെ ജാതികൃഷി കൂടുതലായി ആരംഭിക്കുകയാണ് കർഷകർ ഇപ്പോൾ.
മറ്റു കൃഷികളിൽനിന്ന് നഷ്ടമുണ്ടായാലും ജാതികൃഷിയിലൂടെ ലാഭമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കുറെ കാലത്തിനുശേഷമാണ് ഇത്തരത്തിൽ വില ഉയരുന്നതെന്നും ഇത് ഈ മേഖലയിലേക്ക് കൂടുതൽ കർഷകർ വരാൻ പ്രേരിപ്പിക്കുമെന്നും പുൽപള്ളിയിലെ ആദ്യകാല ജാതികർഷകനായ ഷാജൻ കളപുരക്കൽ പറഞ്ഞു.
രോഗബാധകളോ കീടബാധകളോയേൽക്കാത്ത കൃഷിയാണിത്. ഒരുതവണ നട്ടാൽ വർഷങ്ങളോളം വിളവെടുക്കാനാകും. ജലസേചനമാണ് പ്രധാനമായിട്ടും ആവശ്യമുള്ളതെന്നും ഷാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.