റബർ ബോർഡിന്റെ ചിറകരിയാൻ കേന്ദ്രം; റബര്‍ ആക്ട് റദ്ദാക്കി പുതിയ നിയമം
text_fieldsകോട്ടയം: റബർ ബോർഡിന്റെ ചിറകരിയുന്ന തരത്തിൽ പുതിയ റബർ നിയമം കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിൽ കർഷകർക്ക് ആശങ്ക. നിലവിലെ റബര്‍ ആക്ട് റദ്ദാക്കിയാണ് കേന്ദ്രസര്‍ക്കാർ പുതിയ ബില്ല് കൊണ്ടുവരുന്നത്. ബില്ലിന്റെ കരട് രൂപം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. റബര്‍ കയറ്റുമതി, ഇറക്കുമതി തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാറിന് മാത്രമായി നിജപ്പെടുത്തുന്നതാണ് കരട് ബില്‍. ഇപ്പോള്‍ റബറുമായി ബന്ധപ്പെട്ട ഇറക്കുമതിക്കും അംഗീകാരത്തിനും ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് മാനദണ്ഡം. എന്നാല്‍, പുതിയ ബില്‍ നടപ്പാക്കിയാല്‍ റബര്‍ ഇറക്കുമതിയില്‍ ബോര്‍ഡിന് ഒരു പങ്കുമില്ലാത്ത അവസ്ഥ വരും. നേരിയ തോതിലെങ്കിലും കർഷക പ്രതിഷേധം കണക്കിലെടുത്താണ് ബോർഡ് കേന്ദ്രത്തിന് ശിപാർശ നൽകുന്നത്. ഈ അധികാരംകൂടി ബോർഡിന് ഇല്ലാതാകുന്നതോടെ ടയർ വ്യവസായികൾ ഇറക്കുമതിയെ നിയന്ത്രിക്കുന്ന അവസ്ഥ വരുമെന്ന് കർഷകസംഘടനകൾ പറയുന്നു.
റബര്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്ലാതെ കേന്ദ്രസര്‍ക്കാറിന് അസംസ്കൃത റബറിന്റെ കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കാന്‍ പുതിയ നിയമത്തില്‍ അധികാരം നല്‍കുന്നതും കർഷകർക്ക് തിരിച്ചടിയാണ്. വ്യവസായികളുടെ താൽപര്യം സംരക്ഷിക്കാനാണ് എക്കാലവും വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നതെന്നിരിക്കെ, ചെലവിനനുസരിച്ച് വില ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ യഥേഷ്ടം ഇറക്കുമതി നടത്താൻ വ്യാപാരികള്‍ക്ക് കഴിയും. നേരത്തേ രണ്ടുതവണ ബി.ഐ.എസ് അംഗീകാരത്തിന് കേന്ദ്രസര്‍ക്കാറിന് മുന്നിലെത്തിയ ചണ്ടിപ്പാല് ഇറക്കുമതി നീക്കം തള്ളിയത് റബര്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കര്‍ഷക സംഘടനകളുടെ എതിര്‍പ്പ് മൂലവുമായിരുന്നു. എന്നാല്‍, പുതിയ ബില്‍ പ്രാവര്‍ത്തികമായാല്‍ ചണ്ടിപ്പാലും തടസ്സമില്ലാതെ കടന്നുവരും. ഇതോടെ, ആഭ്യന്തര വിപണി കൂടുതല്‍ തകര്‍ച്ചയിലാകും.
കയറ്റുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് ബില്ലിൽ നിര്‍ദേശമുണ്ടെങ്കിലും ഇറക്കുമതിയുടെ കാര്യത്തിൽ ബില്ല് മൗനം പാലിക്കുകയാണ്. റബര്‍ ബോര്‍ഡ് പുനഃസംഘടന ശിപാര്‍ശയും കര്‍ഷകര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. മൂന്ന് എം.പിമാര്‍ ബോര്‍ഡില്‍ വരുന്നതോടെ രാഷ്ട്രീയനീക്കങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ബോർഡ് തലത്തിൽ രാഷ്ട്രീയ നീക്കം ശക്തമാക്കാനുള്ള സാധ്യതയും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലമായി പറഞ്ഞു കേള്‍ക്കുന്ന റബര്‍ ബോര്‍ഡ് ആസ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിന് സാധ്യതകളുമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പുതിയ റബര്‍ ആക്ട് നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഇതിന് കര്‍ഷക പ്രതിനിധികളുടെയടക്കം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പലതവണ വിളിച്ചുചേര്‍ത്ത് അഭിപ്രായ രൂപവത്കരണം നടത്തിയെങ്കിലും പിന്നീട് പിന്നോട്ടുപോയി. ഇതിനിടെയാണ് പുതിയ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.