പി.ആർ.എസിന്റെ പേരിൽ സിബിൽസ്കോർ കർഷകന് ബാധ്യതയാവില്ല -മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: പി.ആർ.എസിന്റെ പേരിൽ സിബിൽ സ്കോർ കർഷകന് ബാധ്യതയാവില്ലെന്ന് മന്ത്രി പി. പ്രസാദ്. ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടറേറ്റിൽ ബാങ്ക് പ്രതിനിധികളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ആർ.എസിന്റെ പേരിലുള്ള പണത്തിന് കർഷകന് ബാധ്യതയായി സിബിൽസ്കോർ എത്തരുതെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്. അതിനാവശ്യമായ തിരുത്തൽ വരുത്താനും നിയമപരമായി ആലോചിക്കാനും എസ്.എൽ.ബി.സി കൺവീനർ പ്രേംകുമാറിനെ ചുമതലപ്പെടുത്തി. പി.ആർ.എസിന്റെ പേരിൽ കർഷകന്റെ സിബിൽസ്കോർ കുറക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തരുതെന്നാണ് സർക്കാർ നിലപാട്.
നെൽകർഷകർക്ക് പണം നൽകുന്നതിന് ഒരുതാമസവും ബാധിക്കരുതെന്ന അടിസ്ഥാനത്തിലാണ് പി.ആർ.എസ് സംവിധാനം കൊണ്ടുവന്നത്. അതിന്റെ പേരിൽ കർഷകർക്ക് ബാങ്കുകൾ വായ്പ നിഷേധിക്കുന്നതായി പരാതിയുണ്ട്. ബാങ്കുകൾ പറയുന്നത്, കർഷകരുടെ വായ്പ നിഷേധിക്കുന്നില്ലെന്നും പി.ആർ.എസുമായി ബന്ധപ്പെട്ട് ഒരുബാങ്കിലും തിരിച്ചടവ് മുടങ്ങുന്ന കുടിശ്ശികയായി നിലനിൽക്കുന്നില്ലെന്നുമാണ്. എസ്.എൽ.ബി.എസ് കൺവീനർ തന്ന കണക്കിൽ 2024 മേയിൽ മാത്രമാണ് തിരിച്ചടവിന്റെ പ്രശ്നം വരുന്നത്.
പി.ആർ.എസിലൂടെ നെല്ലിന് ലഭിച്ച പണത്തിന്റെ പേരിൽ ഒരുകർഷകനും കടക്കാരന്റെയും കുടിശ്ശികക്കാരന്റെയും പട്ടികയിലേക്ക് വരുന്നില്ല. സർക്കാറും ഇതുതന്നെയാണ് പലതവണ പറഞ്ഞത്. പ്രതിപക്ഷമടക്കം പല കോണുകളിൽനിന്ന് കർഷകർക്ക് പി.ആർ.എസ് ബാധ്യതവരുമെന്ന ബോധപൂർവം പ്രചാരണം നടത്തി. കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ നെല്ലും എടുക്കണമെന്ന് കൃഷിവകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ വസതി കൃഷിമന്ത്രി പി. പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും വായ്പയുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.