‘പതിരാകുമോ’ ഓപറേഷൻ കോൾ ഡബിൾ?
text_fieldsഅന്തിക്കാട്: ഓപറേഷൻ കോൾ ഡബിൾ പദ്ധതി പ്രകാരം ജില്ലയിൽ കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ നെൽവിത്ത് വിതച്ച കർഷകർ കതിര് വരാതെ ആശങ്കയിൽ. വൈകി കതിര് വന്നാൽ തന്നെ കൊയ്യാനാകാതെ മഴയിൽ മുങ്ങുമെന്ന അവസ്ഥയുമുണ്ട്.
ചാഴൂർ പഞ്ചായത്തിലെ ചെറുക്കോൾ, പുറത്തൂർ പടവ് പാടശേഖരങ്ങളിലെ രണ്ടാം പൂ കൃഷിക്കാണ് പുതിയ നെൽവിത്ത് വിതച്ചത്.
ഈ രണ്ട് പാടശേഖരങ്ങളിലെ 80 ഏക്കറിലാണ് കൃഷി വകുപ്പിന്റെ നിർദേശ പ്രകാരം കാർഷിക സർവകലാശാല പുറത്തിറക്കിയ പൗർണമി നെൽവിത്ത് വിതച്ചത്. താരതമ്യേന മൂപ്പ് കുറഞ്ഞതാണെന്നും നല്ല വിളവ് ലഭിക്കുന്നതുമാണെന്ന ഉറപ്പായിരുന്നു കർഷകരെ വിത്തിലേക്ക് ആകർഷിച്ചത്.
കൃഷി വകുപ്പ് നിഷ്കർഷിച്ച പോലെ വളപ്രയോഗവും നടത്തി. 85 ദിവസത്തോളം കഴിഞ്ഞിട്ടും നെൽച്ചെടികളിൽ കതിര് വരുന്ന ലക്ഷണം പോലും ഇല്ലാത്ത സ്ഥിതിയാണ്. ഇനി, കതിര് വരികയാണെങ്കിൽ തന്നെ കൊയ്ത്ത് മഴക്കാലത്തേക്ക് നീളാനും നെല്ല് വെള്ളത്തിൽ മുങ്ങി നശിക്കാനും സാധ്യതയേറെയാണ്.
മാത്രമല്ല പൗർണമി വിത്ത് വിതച്ച പാടം വരിനെല്ല്, കൗട്ട, മങ്ങ്, മുത്തങ്ങ എന്നീ കളകളാൽ നിറഞ്ഞിരിക്കുകയുമാണെന്നതും കർഷകരെ നിരാശരാക്കിയിരിക്കുകയാണെന്ന് കോൾ കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു പറഞ്ഞു.
കാർഷിക സർവകലാശാലയിലെയും കൃഷി വകുപ്പിലെയും വിദഗ്ധരെത്തി നെൽച്ചെടികൾ പരിശോധിച്ചുവെങ്കിലും പരിഹാരം കാണാനായിട്ടില്ല. ഓപറേഷൻ കോൾ ഡബിൾ പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കിയ രണ്ടാം പൂ നെൽകൃഷി ഈ വർഷം അഞ്ചിലൊന്നായി ചുരുങ്ങിയ സാഹചര്യത്തിൽ അവശേഷിക്കുന്ന കർഷകർ കൂടി കനത്ത നഷ്ടം മൂലം ഇരുപ്പൂ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.