ഉയർന്ന സിബിൽ സ്‌കോർ ഉള്ള കർഷകന് വായ്പ നിഷേധിച്ചതിനെ പറ്റി സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പി. പ്രസാദ്
text_fieldsആലപ്പുഴ : ഉയർന്ന സിബിൽ സ്‌കോർ ഉള്ള കർഷകന് വായ്പ നിഷേധിച്ചതിനെ പറ്റി സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പി. പ്രസാദ്. കുട്ടനാട് കർഷകൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകൻ വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളെ സമീപിച്ചിട്ടില്ല എന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ വാദത്തെ സർക്കാർ മുഖവിലക്ക് എടുക്കുന്നില്ലായെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉയർന്ന സിബിൽ സ്‌കോർ ഉണ്ടായിരുന്ന കർഷകൻ വായ്പക്ക് അർഹനായിരുന്നു. ഉയർന്ന സിബിൽ സ്‌കോർ ഉള്ള അദ്ദേഹത്തിന് വായ്പ നിഷേധിച്ചതിനെ പറ്റി സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
2024 മെയ് മാസം മാത്രമേ പി.ആർ.എസ്. വായ്പയുടെ തിരിച്ചടവിന്റെ പ്രശ്‌നം നിയമപരമായി ഉദിക്കുന്നുള്ളുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നെൽക്കർഷകരിൽ ഒരാളും ഇപ്പോൾ പി.ആർ.എസ് മുടങ്ങിയതിന്റെ കടക്കെണിയുടെ പരിധിയിൽ വരുന്നില്ല. പി.ആർ.എസിന്റെ പേരിൽ ലോണിന്റെ യോഗ്യത കുറക്കുന്നുവെന്നത് തെറ്റാണ്. ഒരു തരത്തിലും കുറക്കുന്നില്ല എന്നും കുറക്കാൻ പാടില്ല എന്നും ബാങ്കുകളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
നെൽ കർഷകർക്ക് കാലതാമസം വരാതെ പണം നൽകുന്നതിനാണ് 2014-15 കാലത്ത് പി.ആർ. എസ് രീതി ആരംഭിച്ചത്. കേരളത്തിലെ ഒരു ബാങ്കിലും പി.ആർ.എസ് ഒരു കുടിശ്ശിയായി നിലനിൽക്കുന്നില്ല. കർഷകർക്ക് ലഭ്യമാകുന്ന ലോണിന്റെയും കുടിശ്ശികയുടെയും പേരിൽ കർഷകർക്ക് മറ്റ് സഹായങ്ങൾ നൽകാതിരിക്കാൻ പാടില്ലെന്ന് ബാങ്ക് പ്രതിനിധികളോട് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
നെല്ല് സംരക്ഷണത്തിനായി കുട്ടനാട്ടിൽ ആധുനിക രീതിയിലുള്ള സൈലോം ഗോഡൗണുകൾ 2024 ഓടെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ലീഡ് ബാങ്ക് മാനേജർ എം.അരുൺ, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഓൺലൈനായി മന്ത്രി ജി.ആർ.അനിലും യോഗത്തിൽ പങ്കെടുത്തു. സിബിൽ സ്‌കോർ, പി.ആർ.എസ്, ബാങ്ക് വായ്പ തുടങ്ങിയ വിഷയം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.