കൃഷിക്കൊപ്പം കളമശ്ശേരി സാധ്യമാക്കിയത് മണ്ഡലത്തിലെ കാർഷിക മുന്നേറ്റമെന്ന് പി. രാജീവ്
text_fieldsകൊച്ചി: കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കളമശ്ശേരി മണ്ഡലത്തിൽ വലിയ കാർഷിക മുന്നേറ്റം സാധ്യമായതായി മന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിളവെടുപ്പ് കുന്നുകര ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ 17 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ആറ് തദ്ദേശ സ്വയംഭരണ സമിതികളെ ഏകോപിപ്പിച്ച് 159 സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് മണ്ഡലത്തിൽ നല്ല രീതിയിൽ കൃഷി ചെയ്തിട്ടുണ്ട്. കാർഷികോത്സവത്തിൽ വിപണനത്തിന് ആവശ്യമായ പച്ചക്കറി, പൂക്കൾ, മത്സ്യം എന്നിവയുടെ വിളവെടുപ്പിന് ഇവിടെ തുടക്കമാവുകയാണ്.ആലങ്ങാട്, കരുമാലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലും ഏലൂർ, കളമശ്ശേരി നഗരസഭകളിലും വിളവെടുപ്പ് നടക്കും. ഓഗസ്റ്റ് 20 മുതൽ 27 വരെ കളമശ്ശേരിയിൽ നടക്കുന്ന കാർഷികോത്സവത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കുന്നുകര തെക്കേ അടുവാശ്ശേരി സുഗതന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് മഹോത്സവത്തിന് തുടക്കമായത്. മന്ത്രിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കടമ്പൻ മൂത്താനും സംഘവും വിളവെടുപ്പ് ഘോഷയാത്രയിൽ അണിചേർന്നു. പീച്ചിങ്ങ, പാവക്ക, വഴുതന, എന്നിവയാണ് കുന്നുകരയിൽ നിന്നും വിളവെടുത്തത്.
കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ കാസിം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബി പുതുശ്ശേരി, കൃഷിക്കൊപ്പം കളമശ്ശേരി കോ-ഓഡിനേറ്റർ എം.പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.