ചിറ്റുണ്ട പെരുമയിൽ നൂറ് മേനി
text_fieldsആലത്തൂർ: ആലത്തൂർ കൃഷിഭവെൻറ ഭാരതീയ പ്രകൃതി കൃഷി 'സുഭിക്ഷം സുരക്ഷിതം' പദ്ധതിയിൽ കെട്ടി നാട്ടി കൃഷിരീതിയിൽ നെന്മേനി ചിറ്റുണ്ടയിൽ വിളവ് നൂറ് മേനി. ആലത്തൂർ കുമ്പളക്കോട് പാടശേഖരത്തിലെ ബോധി കൃഷ്ണകുമാറിെൻറ അര ഏക്കറിലാണ് ഒന്നാം വിളയിൽ കൃഷിരീതി പരീക്ഷിച്ചത്. കാലാവസ്ഥ പ്രതികൂലമായ ഒന്നാം വിളയിൽ തന്നെ മികച്ച വിളവിലേക്ക് എത്തിയെന്നത് പരീക്ഷണത്തിലെ വിജയമാണെന്ന് കൃഷി വകുപ്പും സമ്മതിക്കുന്നു. വയനാട് അമ്പലവയലിലെ അജി തോമസ് വികസിപ്പിച്ച 'നെന്മേനി ചിറ്റുണ്ട' വിത്ത് പെല്ലെറ്റിങ് രീതിയെയാണ് കെട്ടി നാട്ടി കൃഷിരീതിയായി അറിയപ്പെടുന്നത്.
പരീക്ഷണ കൃഷിയിൽ പഴയകാലത്തെ തവളകണ്ണൻ വിത്തുപയോഗിച്ചാണ് ജൂണിൽ ചിറ്റുണ്ട തയാറാക്കി കൃഷിയിറക്കിയത്. ഒരു ഏക്കറിന് അഞ്ച് കിലോഗ്രാം തോതിലാണ് വിത്ത് ഉപയോഗിച്ചത്. ഓരോ ചിറ്റുണ്ടയും 25 സെ.മി അകലത്തിലാണ് നട്ടത്. ചതുരശ്ര മീറ്ററിൽ 30 നെൽച്ചെടികളാണ് നട്ടത്. ജൈവവളങ്ങളും ഇലകളുടെ ചാറുകളും ചേർത്ത് തയാറാക്കിയ വളക്കൂട്ടുമായി വിത്ത് പരിചരണം നടത്തിയാണ് ഞാറ്റടി തയാറാക്കിയത്. ചാണകം, കീടരോഗ പ്രതിരോധശേഷിയുള്ള ഇലകളുടെ ചാറ്, പൊട്ടാസ്യം ലഭിക്കുന്ന വാഴത്തട, മഗ്നീഷ്യം ലഭിക്കുന്ന കരിമരുത്, പഞ്ചഗവ്യം, ബീജാമൃതം എന്നിവ ചേർത്ത് ഇളക്കിയാണ് ചിറ്റുണ്ട തയാറാക്കുന്നത്.
ഒന്നാം വിളക്കാലം ആരംഭിക്കുന്നതിന് 45 ദിവസം മുമ്പ് ഡൈഞ്ച നട്ട് നിലമുഴുത് ചേർത്തിരുന്നു. ഒന്നാം വിളയിൽ മിക്ക പാടശേഖരങ്ങളിലും നെൽകൃഷിയെ ബാധിച്ച ചിലന്തി മണ്ഡരി, ഓലകരിച്ചിൽ എന്നിവ ചിറ്റുണ്ട കൃഷി പാടത്ത് ഉണ്ടാവാഞ്ഞതും കർഷകർക്കിടയിൽ ചർച്ചയായിരുന്നു.
പ്രതികൂല കാലാവസ്ഥയിലും നൂറുമേനി നൽകുന്ന പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൂടുതൽ കർഷകരെ കൃഷിരീതി പരിചയപ്പെടുത്തുകയാണ് കൃഷ്ണകുമാർ. കർഷകർക്ക് പ്രോത്സാഹനവുമായി കൃഷി ഓഫിസർ എം.വി. രശ്മി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.