സംഭരിച്ച നെല്ലിന്റെ വില കിട്ടിയില്ല; പുഞ്ചകൃഷിയിറക്കാൻ പണമില്ലാതെ കർഷകർ
text_fieldsആലപ്പുഴ: സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർ വില കിട്ടാത്തതിനാൽ പുഞ്ചകൃഷിയിറക്കാൻ പണമില്ലാതെ നട്ടംതിരിയുന്നു. നെല്ലിന്റെ വില പ്രഖാപിച്ച് പൊതുവിതരണ വകുപ്പിന്റെ ഉത്തരവ് ഇറങ്ങാത്തതാണ് തുക നൽകാൻ തടസ്സമെന്നാണ് സപ്ലൈകോ പറയുന്നത്. നെല്ലുവിറ്റ് രണ്ടാഴ്ചയോളമായിട്ടും നെല്ലുസംഭരണ രസീത് (പി.ആർ.എസ്) പോലും പലർക്കും ലഭിച്ചിട്ടില്ല. മില്ലുകാരുടെ സമരംമൂലം രണ്ടാം കൃഷി നെല്ലെടുപ്പ് ഒരുമാസത്തോളം വൈകിയാണ് തുടങ്ങിയത്. അതിനിടെ പുഞ്ചകൃഷിയിറക്കുന്നതിനുള്ള ജോലികൾ തുടങ്ങാൻ സമയമായി. ഒരേക്കർ കൃഷിയിറക്കുന്നതിന് 35,000 മുതൽ 45,000വരെ രൂപ ചെലവുണ്ട്.
സംഭരണവിലയിൽ കേന്ദ്രം വർധന വരുത്തിയെങ്കിലും സഹായവിലയുടെ കാര്യത്തിൽ ആനുപാതിക വർധനക്ക് സർക്കാർ തയാറായിട്ടില്ല. കിലോക്ക് 28 രൂപ 20 പൈസ സംഭരണവില നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുതന്നെ സർക്കാർ ഉത്തരവിറങ്ങിയാലേ ഉറപ്പിക്കാനാവൂ എന്ന സ്ഥിതിയാണ്. നെല്ലിന്റെ പണം വൈകുന്നതിനാൽ പൊതുവിപണിയിൽ നെല്ലുവിറ്റ് പുഞ്ചകൃഷിക്കുള്ള പണംകണ്ടെത്താൻ ഒരുങ്ങുകയാണ് കർഷകർ മിക്കവരും. ഇതു സപ്ലൈകോ സംഭരണ നടപടികൾ അട്ടിമറിയാനിടയാക്കും. രണ്ടാം കൃഷി നെല്ലിന്റെ തുക എളുപ്പം ലഭിക്കാനായി ഇക്കുറി സഹകരണബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി സപ്ലൈകോ 2500 കോടി വായ്പയെടുത്തിരുന്നു. എന്നിട്ടും നെല്ലുവില വൈകുന്നതിനെ കർഷകർ ആശങ്കയോടെയാണ് കാണുന്നത്. നെല്ലുസംഭരണത്തിൽ സംസ്ഥാനവിഹിതം അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ഉത്തരവിറങ്ങുന്നത് വൈകിപ്പിക്കുന്നതെന്നാണ് സൂചന.
സംഭരണ വില 30 രൂപയാക്കണം -നെൽകർഷക ഫെഡറേഷൻ
ആലപ്പുഴ: നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 30 രൂപയായി പ്രഖ്യാപിച്ച് വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന നെല്ല് -നാളികേര കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞകാല ബജറ്റുകളിൽ പ്രഖ്യാപിച്ച സംഭരണ വില വർധന ഉൾപ്പെടെ മുൻകാല പ്രാബല്യത്തിൽ കൃഷിക്കാർക്ക് നൽകാനുള്ള ഉത്തരവുകൂടി സർക്കാർ പുറപ്പെടുവിക്കണമെന്നും പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
വളം-കീടനാശിനി വില വർധനയും കൂടിയ കൂലിച്ചെലവും ഉൽപാദനച്ചെലവ് ക്രമാതീതമായി വർധിപ്പിച്ചു. ഉൽപാദനച്ചെലവിന്റെ അടിസ്ഥാനത്തിലും അരിയുടെ കമ്പോള വിലയുടെ അടിസ്ഥാനത്തിലും കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലിന് ക്വിന്റലിന് 3,000 രൂപയായി വില വർധിപ്പിക്കണം. ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.ഇ. ഉത്തമകുറുപ്പ്, സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, രാജൻ മേപ്രാൽ, പി.കെ. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.