വിരിപ്പുകൃഷിയിൽ ലാഭംകൊയ്ത് ഇടനിലക്കാർ; കർഷകന് കണ്ണീർക്കൊയ്ത്ത്
text_fieldsകോട്ടയം: ജില്ലയിലെ പാടശേഖരങ്ങളിൽ വിരിപ്പുകൃഷി ആരംഭിക്കാനിരിക്കെ കൊയ്ത്തുമെതിയന്ത്രങ്ങൾ ലഭിക്കാനുള്ള നടപടി വൈകുന്നതിലും ഇടനിലക്കാരുടെ ചൂഷണത്തിലും വലഞ്ഞ് കർഷകർ. കൃഷിവകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടേതായി മുപ്പതോളം യന്ത്രങ്ങളുണ്ടെങ്കിലും ഇവയിൽ ഏതാനും യന്ത്രങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.
താങ്ങാനാകാത്ത ചെലവ് വഹിച്ചാണ് കാലങ്ങളായി അപ്പർകുട്ടനാട് മേഖലയിലെ നെൽകർഷകർ കൊയ്ത്ത് നടത്തുന്നത്. ചെലവ് കൂടുന്നതിനുള്ള പ്രധാന കാരണം സ്വകാര്യവ്യക്തികളുടെ യന്ത്രം ആശ്രയിക്കേണ്ടി വരുന്നതാണ്. ഇതൊഴിവാക്കാൻ കട്ടപ്പുറത്തിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സർക്കാർ യന്ത്രങ്ങൾ ഉപയോഗയോഗ്യമാക്കി ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാ വർഷവും കൊയ്ത്തുമെതി യന്ത്രങ്ങളുടെ വാടക നിശ്ചയിച്ച് ജോലി തീർക്കുകയാണ് അധികൃതർ. ഇക്കുറിയും അതുതന്നെയാണ് നടന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം പാടശേഖര സമിതി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വാടക നിശ്ചയിച്ചത്. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.
ചില സമിതികൾ യന്ത്രങ്ങൾക്ക് 1750 രൂപക്ക് കരാറെഴുതിയ സമയത്താണ് ഇത്രയും തുക തീരുമാനിച്ചതെന്നും പരാതിയുണ്ട്. കൂടാതെ ഇത്രയും തുക വാങ്ങി ഏജന്റുമാർ എത്തിക്കുന്നത് പ്രവർത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങളാണെന്നാണ് കർഷകരുടെ ആക്ഷേപം. മുമ്പ് ഒരേക്കർ പാടം കൊയ്യാൻ മുക്കാൽ മണിക്കൂർ മാത്രമാണ് എടുത്തിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി ഒരേക്കർ കൊയ്യാൻ ഒന്നരമണിക്കൂർവരെ സമയമെടുക്കുന്നത് യന്ത്രങ്ങളുടെ കുഴപ്പം കൊണ്ടാണെന്നാണ് പരാതി. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്വകാര്യ കൊയ്ത്തുയന്ത്രലോബിയുമായുള്ള അനൗദ്യോഗിക ബന്ധമാണിതിന് കാരണമെന്നാണ് കർഷകരുടെ ആരോപണം. വിരിപ്പുകൃഷിയുടെ കൊയ്ത്ത് ആരംഭിച്ച വെച്ചൂരിലെ വലിയപുതുക്കരി പാടശേഖരത്തിൽ സ്വകാര്യ കൊയ്ത്തുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യന്ത്രലോബിക്കുവേണ്ടി കർഷകർക്കും കൃഷി വകുപ്പിനും ഇടയിലെ പാലമായി നിൽക്കുന്ന ഏജന്റുമാരാണ് ചൂഷണത്തിന് ചുക്കാൻ പിടിക്കുന്നത്.
ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുന്ന യന്ത്രങ്ങൾ പുതിയ പെയിന്റടിച്ച് എത്തിക്കുകയാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. ഇടനിലക്കാരുടെ ചൂഷണം നിയന്ത്രിക്കാൻ കർശന പരിശോധന നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ കൊയ്ത്ത് സമയം സംബന്ധിച്ച് കൃത്യമായ നിർദേശം നൽകാൻ കൃഷിവകുപ്പ് തയാറാകണമെന്നും ആവശ്യമുണ്ട്. തുടക്കത്തിൽ സർക്കാർ നിരക്കിൽ കൊയ്യുമെങ്കിലും കൊയ്ത്ത് പുരോഗമിക്കുന്നതോടെ ഇവർ കൂടുതൽ തുക ഈടാക്കുന്നതും പതിവാണ്.
ഇതോടെ വിളവെടുപ്പ് കഴിയുന്നതോടെ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്. സ്വകാര്യവ്യക്തികളുടെ കൊയ്ത്തുയന്ത്രങ്ങളെയാണ് കർഷകർക്ക് ഏറെ താൽപര്യം. . സർക്കാർ ഉടമസ്ഥതയിലുള്ള യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർവ ചെലവും കർഷകന് വഹിക്കേണ്ട അവസ്ഥയാണ്. കയറ്റിറക്ക് കൂലി, ഇന്ധനച്ചെലവ്, മെയിന്റനൻസ് തുടങ്ങിയവ യന്ത്രം വാടകക്കെടുക്കുന്ന കർഷകന്റെ ചുമലിലാണ്.
കൂടാതെ എഗ്രിമെന്റുകളിലെ നൂലാമാലകളും സർക്കാർവക യന്ത്രങ്ങളോട് കർഷകർ മുഖംതിരിക്കുന്നതിന് കാരണമാകുന്നു. എന്നാൽ, സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള യന്ത്രങ്ങൾ വാടകക്ക് എടുക്കുമ്പോൾ പ്രവർത്തനചെലവ് മാത്രമാണ് ഈടാകുന്നത്. 10 മുതൽ 16 യന്ത്രങ്ങൾവരെ ഒരേസമയം കൊയ്ത്തുപണിക്കായി ആവശ്യമായി വരുന്ന കർഷകരുണ്ട്. ഇവർക്ക് സർക്കാറിന്റെ എണ്ണത്തിൽ കുറവും പ്രവർത്തനക്ഷമമല്ലാത്തതുമായ യന്ത്രങ്ങൾകൊണ്ട് ഉപകാരപ്പെടാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.